old

കൊച്ചി: വൃദ്ധസദനത്തിൽ കിടപ്പുരോഗിയായ വൃദ്ധയെ ചവിട്ടിക്കൂട്ടി നടത്തിപ്പുകാരി. മഞ്ഞുമ്മൽ കുടത്തറപ്പിള്ളി വീട്ടിൽ ശാന്ത(71) വാരിയെല്ല് പൊട്ടി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായി. തൃപ്പൂണി​ത്തുറ എരൂരിലെ വൃദ്ധസദനത്തിലാണ് മന:സാക്ഷിയെ മരവിപ്പിക്കുന്ന സംഭവം. വൃദ്ധസദനം നടത്തിപ്പുകാരിക്കെതിരെ ഹിൽപാലസ് പൊലീസ് കേസെടുത്തു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. ശാന്തയുടെ മൊഴി രേഖപ്പെടുത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു. മഞ്ഞുമ്മലിലെ തറവാട്ടുവീട്ടിലാണ് ശാന്ത താമസിച്ചിരുന്നത്. ഭർത്താവ് അയ്യപ്പൻ മരിച്ചതോടെ ഒറ്റയ്‌ക്കായി. മക്കളുമില്ല. സഹോദരിയുടെയും മകളുടെയും സംരക്ഷണയി​ലായി​രുന്നു. അടുത്തിടെ വീണ് കാലിന് പരിക്കേറ്റതോടെ നടക്കാനും കഴിയാതായി. മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. മുറിവും മറ്റും 80 ശതമാനത്തോളം ഭേദമായതോടെ ആശുപത്രി വിട്ടു. ഇതിനിടെ സഹോദരിയും മകളുടെ മകനും രോഗബാധി​തരായതോടെയാണ് ശാന്തയ്‌ക്ക് നല്ല പരിചരണം ഉറപ്പാക്കാനായി കി​ടപ്പുരോഗി​കളെ പരി​പാലി​ക്കുന്ന വൃദ്ധസദനത്തി​ലേക്ക് താത്കാലികമായി മാറ്റി​യത്. മാസം 24,000 രൂപയായിരുന്നു ഫീസ്.

'ആഗസ്റ്റ് 2ന് വല്യമ്മയെ വൃദ്ധസദനത്തിലേക്ക് മാറ്റി. ഇടയ്‌ക്കിടെ താനും അമ്മയും പോയിരുന്നെങ്കിലും വല്യമ്മയെ കാണിച്ചിരുന്നില്ല. ഒരുവട്ടം അകത്തുകയറിയപ്പോൾ ചുണ്ടിൽ ചോരയൊലിച്ച് കിടക്കുകയായിരുന്നു. തൊലി പോയതാണെന്നാണ് നടത്തിപ്പുകാരി പറഞ്ഞത്. പന്തികേട് തോന്നിയെങ്കിലും വല്യമ്മ ഒന്നും പറഞ്ഞില്ല. കഴിഞ്ഞ 27ന് ശ്വാസതടസമുണ്ടെന്ന് കാട്ടി വിളിച്ചുവരുത്തി. ആശുപത്രി​യി​ലേക്കുള്ള ആംബുലൻസ് യാത്രയ്‌ക്കിടെയാണ് രണ്ടുമാസമായി നേരിട്ടിരുന്ന ദുരനുഭവം വല്യമ്മ തുറന്നുപറഞ്ഞത്,"" ശാന്തയുടെ സഹോദരിയുടെ മകൾ കേരളകൗമുദിയോട് പറഞ്ഞു.

ശാന്ത എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടറോട് ദുരനുഭവങ്ങൾ പങ്കുവച്ചതോടെ സി.ടി. സ്കാൻ എടുത്തു. വാരിയെല്ലിന് പൊട്ടലുണ്ടെന്നും വീഴ്ചയിലുണ്ടായ മുറിവ് പഴുത്ത് ആഴത്തിലായെന്നും കണ്ടെത്തി. പിന്നാലെ പറവൂരിലെ ചാലാക്ക മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ട്. വൃദ്ധസദനത്തിന്റെ നടത്തിപ്പുകാരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ഹിൽപാലസ് പൊലീസ് വൃദ്ധസദനത്തിൽ പരിശോധന നടത്തി. നിലവിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആവശ്യമെങ്കി​ൽ മറ്റു വകുപ്പുകൾ കൂട്ടിച്ചേർക്കാനാണ് പൊലീസ് തീരുമാനം.