വൈപ്പിൻ: ഞാറക്കൽ ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിലെ തുലാപറമ്പ് വെസ്റ്റ് റോഡ് നിർമ്മാണത്തിന് 68,04,631 രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 28, 04,631 രൂപയും ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ നിന്ന് 40 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
നിരവധി വർഷങ്ങളായി റോഡ് നന്നാക്കാൻ കാത്തിരിക്കുകയാണ് തുലാപറമ്പ് വെസ്റ്റ് റോഡ് പ്രദേശത്തെ ജനങ്ങൾ. 2016- 17 മുതൽ നാല് തവണ തദ്ദേശ സ്വയം ഭരണ വകുപ്പ് 26,00,000 രൂപയ്ക്ക് ടെൻഡർ വിളിച്ചിട്ടും കരാറുകാർ ആരും തന്നെ പണി ഏറ്റെടുത്തില്ല. ഒടുവിൽ അഞ്ചാം തവണയാണ് 28,04, 631 രൂപയ്ക്ക് കരാറുകാരൻ ടെൻഡർ ഏറ്റെടുക്കാൻ തയ്യാറായത്. എം.എൽ.എയുടെ ശ്രമഫലമായി തുക കൂട്ടി നൽകാൻ സർക്കാർ പ്രത്യേകം അനുമതി നൽകുകയായിരുന്നു.
തീരദേശ റോഡുകളുടെ നിലവാരമുയർത്തുന്ന പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ഹാർബർ എൻജിനിയറിംഗ് വകുപ്പ് ചീഫ് എൻജിനിയറുടെ ശുപാർശ പരിഗണിച്ചാണ് തുലാപറമ്പ് വെസ്റ്റ് റോഡിന് 40 ലക്ഷം രൂപ കൂടി അനുവദിച്ചത്. ഇതോടെ 68,04, 631 രൂപയായതോടെ റോഡ് നിർമ്മാണത്തിന് വഴിയൊരുങ്ങി.