
മട്ടാഞ്ചേരി: പൈതൃകനഗരമെന്ന പെരുമയ്ക്ക് മാറ്റ് കൂട്ടിയാണ് കൊച്ചിയെ മാലിന്യമുക്ത നഗരമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ, അത് വെറും പ്രഖ്യാപനത്തിലൊതുങ്ങുന്ന കാഴ്ചകളാണ് നഗരത്തിൽ ഒന്നു ചുറ്റി സഞ്ചരിച്ചാൽ കാണാനാവുക. നഗരസഭയുടെ മാലിന്യ ശേഖരണ സംവിധാനത്തിലെ അപാകതയാണ് ഇത്തരത്തിൽ ചവർ കൂമ്പാരങ്ങൾ കൂടുന്നതിന് കാരണമായി പ്രദേശവാസികൾ ആരോപിക്കുന്നത്. ഹരിത കർമ്മസേന സമാഹരിക്കുന്ന ചപ്പുചവറുകൾ പലപ്രദേശങ്ങളിലും പ്രധാന റോഡുകളുടെ വശങ്ങളിൽ വരെ സമാഹരിച്ച് പിന്നീട് നീക്കം ചെയ്യുകയാണ്.
കൊച്ചിയുടെ പ്രധാന വിനോദസഞ്ചാര മേഖലകളായ ഫോർട്ട്കൊച്ചിയിലും മട്ടാഞ്ചേരിയിലെ പല പ്രദേശങ്ങളിലും മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞിരിക്കുകയാണ്. മട്ടാഞ്ചേരി മൗലാന ആസാദ് റോഡ്, ചക്കാമാഡം ജംഗ്ഷൻ, ഫോർട്ട്കൊച്ചി വെളി ആയുർവേദ ആശുപത്രിയുടെ മുൻവശം, വാസ്കോഡഗാമ സ്ക്വയർ എന്നീ പ്രധാന സ്ഥലങ്ങളിലെല്ലാം ചവർ കൂമ്പാരങ്ങളാണ്.
ഫോർട്ട് കൊച്ചിയിലെ പ്രധാന സ്ഥലമായ ബസ്റ്റാൻഡിന് എതിർവശം നഗരസഭ കെട്ടിടത്തിനു പുറകിൽ റോഡിനോട് ചേർന്ന് മാലിന്യങ്ങൾ ശേഖരിക്കുന്നതു മൂലമുള്ള ദുർഗന്ധം അതുവഴിയുള്ള സഞ്ചാരികളെ വളരെയധികം അസ്വസ്ഥരാക്കുന്നു. തൊട്ടടുത്തുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെ.ജെ.ഹർഷൻ മെമ്മോറിയൽ ലൈബ്രറിയുടെ പ്രവർത്തനത്തെയും ഇത് മോശമായി ബാധിച്ചിട്ടുണ്ട്.
1. പൈതൃക നഗരത്തിന്റെ വിനോദസഞ്ചാര മുഖച്ഛായക്ക് മങ്ങലേൽക്കുന്നു.
2. വിദേശികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾക്ക് മുന്നിൽ നാടിന്റെ പ്രതിച്ഛായ കുറയ്ക്കുന്നു
3.പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ ശേഖരിച്ചുവയ്ക്കുന്നത് പ്രദേശവാസികളുടെ ആരോഗ്യസ്ഥിതിയെ മോശമായി ബാധിക്കുന്നു
4. പ്രധാന റോഡുകളുടെ വശങ്ങളിൽ മാലിന്യങ്ങൾ ശേഖരിക്കുന്നത് വാഹന യാത്രക്കാരെ ഉൾപ്പെടെ ബാധിക്കുന്നു.
5.ആശുപത്രി പരിസരത്ത് മാലിന്യങ്ങൾ ശേഖരിക്കുന്നത് പ്രവർത്തനത്തെ മോശമായി ബാധിക്കുന്നു.
6.വിദ്യാലയങ്ങളുടെ പരിസരത്തും ഇത്തരത്തിൽ മാലിന്യങ്ങൾ സംഭരിക്കുന്നു
ശേഖരിക്കുന്ന മാലിന്യങ്ങൾ അധികൃതർ പൊതുസ്ഥലങ്ങളിൽ സംഭരിക്കുന്നത് പല അസുഖങ്ങളും പടരുന്നതിന് കാരണമാകുന്നു. ഇത് പൊതുജന ആരോഗ്യത്തോടുള്ള വെല്ലുവിളിയാണ്.
ഭരത് കുമാർ
സാമൂഹ്യപ്രവർത്തകൻ
ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ മാലിന്യങ്ങൾ വേർതിരിച്ച് സംഭരിച്ച് നീക്കം ചെയ്യുന്നതിന് (എം.ആർ.എഫ്) കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവ പ്രവർത്തന സജ്ജമായാൽ മാലിന്യ പ്രശ്നത്തിന് പരിഹാരം ഉണ്ടാകും.
ജിജു
അസിസ്റ്റന്റ് ഹെൽത്ത് ഓഫീസർ
കൊച്ചി നഗരസഭ