കൊച്ചി: 180 വർഷം പഴക്കമുള്ള എസ്.ആർ.വി സ്‌കൂൾ നവീകരിക്കുന്നു, പഴമചോരാതെ. പൈതൃക കെട്ടിടത്തിന്റെ നവീകരണത്തിനും പരിപാലനത്തിനും 74 ലക്ഷം രൂപ സർക്കാ‌ർ അനുവദിച്ചു. എത്രയും വേഗം നവീകരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം മാർച്ചിൽ എസ്.ആർ.വി സ്‌കൂളിന്റെ പൈതൃകം സംരക്ഷിക്കുന്നതിന് സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. എസ്.ആർ.വി ഹൈസ്‌കൂളിലെ വെള്ളക്കെട്ട് നിവാരണ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം വേളയിലായിരുന്നു പ്രഖ്യാപനം. ടി.ജെ. വിനോദ് എം.എൽ.എയുടെ ഏറെ നാളത്തെ പരിശ്രമത്തിന്റെ ഫലമായാണ് നവീകരണത്തിനും പരിപാലനത്തിനുമായി ഇപ്പോൾ ഫണ്ട് വകയിരുത്തിയത്. 1845 ദിവാൻ ശങ്കരവാര്യരുടെ ഉത്തരവ് പ്രകാരമാണ് എസ്.ആർ.വി സ്‌കൂൾ സ്ഥാപിതമായത്. കൊച്ചിൻ രാജാസ് സ്‌കൂളെന്നായിരുന്നു ആദ്യകാല പേര്. 1868ൽ എച്ച്.എച്ച്. ദി രാജാസ് സ്‌കൂളെന്ന് നാമകരണം ചെയ്തു. 1923ൽ കാരക്കാട്ട് കുടുംബം നൽകിയ സ്ഥലത്ത് ഇന്നത്തെ സ്‌കൂൾ പ്രവർത്തനമാരംഭിച്ചു.

 നവീകരണം ഇങ്ങിനെ

1. സ്റ്റാപ്ലിംഗ് പ്രക്രിയയിലൂടെ സ്റ്റീൽ സെക്ഷൻ ഉപയോഗിച്ച് ഒന്നാം നില ബലപ്പെടുത്തും

2. തകർന്ന ഗോവണിയുടെ ചെറിയ ഭാഗം പൊളിച്ചു പണിയും

3. തകർന്ന ഓടുകളെല്ലാം മാറ്റിസ്ഥാപിക്കും

4. പുതിയ തടിക്കഷ്ണങ്ങൾ ഉപയോഗിച്ച് അറ്റകുറ്രപ്പണികൾ നടത്തും

5. അനുയോജ്യമായ പുതിയ സെറാമിക് ടൈലുകൾ വിരിക്കും

6. സ്കൂൾ മുഴുവൻ പെയിന്റ് ചെയ്യും

7. ശുചിമുറിയും മറ്റും വൃത്തിയായി പരിപാലിക്കും

കെട്ടിടത്തിന്റെ പഴമയും ഘടനയും നിലനിറുത്തും. ടെൻഡർ നടപടികൾ അതിവേഗം പൂർത്തിയാക്കി നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിന് പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

ടി.ജെ. വിനോദ്

എം.എൽ.എ