stall

കൊച്ചി: എഴുത്തുകാരെയും വായനക്കാരെയും പ്രസാദകരെയും ഒരു കൂരയ്ക്കുകീഴിൽ അണിനിരത്തുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം അക്ഷരപ്രേമികൾക്ക് ആവേശമായി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ പ്രസാദകരും വിജ്ഞാനവ്യാപന കേന്ദ്രങ്ങളും പുരാവസ്തുവകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളും പുസ്തകോത്സവത്തിലെ നിറസാന്നിദ്ധ്യമാണ്. കൈപ്പുസ്തകം മുതൽ ഇ-ബുക്ക് വരെ ലക്ഷക്കണക്കിന് ഗ്രന്ഥങ്ങളാണ് മേളയിൽ സജ്ജീകരിച്ചിട്ടുള്ളത്.

പുസ്തകങ്ങൾക്ക് പുറമെ കൈത്തറി വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, വിവിധതരം ആഭരണങ്ങൾ എന്നിവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. പുസ്തകോത്സവം രണ്ടാംദിവസമായിരുന്ന ഇന്നലെ രാവിലെ മുഖ്യവേദിയിൽ ( മഹാകവി അക്കിത്തം വേദി)കേന്ദ്ര സാഹിത്യ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ മലയാള കവിതയുടെ പാരമ്പര്യവും ആധുനികതയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ദേശമംഗലം രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാഡമി മലയാളം ഉപദേശക സമിതി കൺവീനർ കെ.പി. രാമനുണ്ണി അദ്ധ്യക്ഷത വഹിച്ചു. വൈകിട്ട് 5ന് അഹമ്മദീയ മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖുറാൻ പാരായണം സമാധാനത്തിലേക്കുള്ള താക്കോൽ എന്ന വിഷയത്തിൽ സെമിനാറിൽ മൗലവി മെഹബൂബ് അഹമ്മദ് സാദിഖ്, ഇ.എച്ച്. നജീബ് സാഹിബ്, ഫാ. സ്റ്റീഫൻ തോമസ് ചേലക്കര, ശ്രീകുമാർ മനയിൽ തുടങ്ങിയവർ സംവദിച്ചു. എച്ച്. അഹമ്മദ് ഷാഫി സഹിബ് മോഡറേറ്റർ ആയി. വൈകിട്ട് ഗാനമാലിക, കൈകൊട്ടിക്കളി തുടങ്ങിയ കലാവിരുന്നുമുണ്ടായിരുന്നു.

ഡൗൺലോഡ് ചെയ്യാം,​ വായന തുടരാം

കിന്റർഗാർട്ടൻ മുതൽ ഗവേഷകർ വരെയുള്ള വിദ്യാർത്ഥികൾക്ക് വിവിധ ഭാഷകളിലുള്ള 21000ൽപ്പരം ഇ-ബുക്കുകൾ രാഷ്ട്രീയ ഇ- പുസ്തകാലയയിലൂടെ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ അവസരമുണ്ട്. രാഷ്ട്രീയ ഇ-പുസ്തകാലായ ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്ക് പുസ്തകാലയയുടെ സ്റ്റാളിലെ പുസ്തകങ്ങൾക്ക് 10ശതമാനം പ്രത്യേക ഡിസ്കൗണ്ടും ലഭിക്കും. സംസ്ഥാന പുരാരേഖ വകുപ്പിന്റെ സ്റ്റാളിൽ നാമമാത്രമായ തുകയ്ക്ക് അത്യപൂർവങ്ങളായ ചരിത്രപുസ്തകങ്ങൾ സ്വന്തമാക്കാം. വൻകിട പ്രസാദകരുടെ സ്റ്റാളുകളിലും വിവിധ തരം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ പ്രസിദ്ധീകരിച്ച ആത്മ പങ്കാളികൾ എന്ന പുസ്തകം വായിച്ച് ആസ്വദന കുറിപ്പ് എഴുതുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 5 പേർക്ക് സൗജന്യ ഹിമാലയൻ യാത്രയാണ് പ്രസാദകർ വാഗ്ദാനം ചെയ്തിരിക്കുന്നത്.

പശ്ചിമബംഗാൾ ഗവർണറും മലയാളിയുമായ ഡോ.സി.വി. ആനന്ദബോസ് രചിച്ച പുസ്തകങ്ങൾക്ക് മാത്രമായി ഒരു സ്റ്റാളും ഒരുക്കിയിട്ടുണ്ട്. പുസ്തകോത്സവത്തിന്റെ ഉദ്ഘാടന സദസിൽ പ്രകാശനം ചെയ്ത പുതിയ 14എണ്ണം ഉൾപ്പെടെ 350 പുസ്തകങ്ങളുടെ കർത്താവാണ് സി.വി. ആനന്ദബോസ്.