കോതമംഗലം: കോതമംഗലം താലൂക്കിലെ ഏറ്റവും വലിയ പൊതു സ്റ്റേഡിയം ഇനി കുട്ടമ്പുഴയിൽ. രണ്ട് ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. കോതമംഗലം മുനിസിപ്പാലിറ്റിക്ക് ഉൾപ്പടെ പൊതുസ്റ്റേഡിയം എന്ന ആവശ്യം നിറവേറ്റാൻ കഴിയാത്ത സാഹചര്യത്തിലാണ് താരതമ്യേന അവികസിത മേഖലയായ കുട്ടമ്പുഴയിൽ ഇത്തരമൊരു മുന്നേറ്റം. രണ്ട് ഏക്കർ സ്ഥലം ഗ്രാമ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയതാണ്. ഇതുവരെ ചിലവഴിച്ചത് നിർമ്മാണ പ്രവർത്തനങ്ങൾക്കടക്കം ഒന്നര കോടിയോളം രൂപ. രണ്ട് സാമ്പത്തിക വർഷങ്ങളിലെ പദ്ധതി വിഹിതമാണ് വിനിയോഗിച്ചത്. മൾട്ടിപർപ്പസ് സ്റ്റേഡിയത്തിന്റെ ആദ്യ ഘട്ടമാണ് പൂർത്തിയായത്. ഇന്ന് വൈകിട്ട് നാലിന് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അദ്ധ്യക്ഷനാകും.
ഇതുവരെ ചെലവഴിച്ചത് 1.5 കോടി രൂപയോളം
പുതിയ ഗ്രൗണ്ടിൽ ഇലവൻസ് ഫുട്ബാൾ കളിക്കാനാകും.
ക്രിക്കറ്റും കളിക്കാം.
400 മീറ്റർ ട്രാക്കും സാദ്ധ്യമാകും.
കുട്ടമ്പുഴ ടൗണിന് സമീപത്താണ് സ്റ്റേഡിയം നിർമ്മിച്ചത്.
ഏത് ഭാഗത്തുള്ളവർക്കും എളുപ്പത്തിൽ എത്തിച്ചേരാനാകുന്ന സ്ഥലത്താണ് സ്റ്റേഡിയം.
ഫുട്ബാൾ പരിശീലകനായ ബിനു വി. സ്കറിയ ആണ് സ്റ്റേഡിയം നിർമ്മാണ പദ്ധതി തയ്യാറാക്കാൻ ഗ്രാമപഞ്ചായത്തിന് പ്രചോദനം നൽകിയത്. ഇവിടെ ഫുട്ബാൾ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചാണ് അദ്ദേഹം സ്റ്റേഡിയത്തിന്റെ ആവശ്യകത പഞ്ചായത്ത് അധികൃതരെ ബോദ്ധ്യപ്പെടുത്തിയത്. ഇത് ഉൾക്കൊണ്ടാണ് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ പ്രൊജക്ട് തയ്യാറാക്കിയത്.
കെ.എ. സിബി,
ചെയർമാൻ,
സ്റ്റാൻഡിംഗ് കമ്മിറ്റി
ഒളിമ്പ്യൻ അനിൽഡ തോമസിന്റെ നാടാണ് കുട്ടമ്പുഴ. കേരള ഫുട്ബാൾ ടീമിലേക്കും ഈ പഞ്ചായത്ത് സംഭാവന നൽകിയിട്ടുണ്ട്. കൂടുതൽ താരങ്ങളെയും അത്‌ലറ്റുകളെയും സൃഷ്ടിക്കാൻ ഈ സ്റ്റേഡിയം വഴിയൊരുക്കുമെന്ന് പ്രതീക്ഷ.
കുട്ടമ്പുഴയുടെ വിവിധ ഭാഗങ്ങളിൽ ഫുട്ബാൾ ഉൾപ്പടെയുള്ള ഗെയിംസുകളിലും അത്‌ലറ്റിക്സിലും ശോഭിക്കാൻ കഴിയുന്നവർ ഏറെയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു സ്റ്റേഡിയം എന്ന ആശയം മുന്നോട്ടുവച്ചത്. അത് യാഥാർത്ഥ്യമാക്കാൻ പ്രവർത്തിച്ച പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും അഭിനന്ദനമർഹിക്കുന്നു
ബിനു വി. സ്കറിയ,
ഫുട്ബാൾ കോച്ച്