മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി നെഹ്റു മെമ്മോറിയൽ പാർക്കിനോട് ചേർന്നുള്ള പബ്ലിക് ടോയ്‌ലെറ്റിലെ സെപ്റ്റിക് മാലിന്യം ടാങ്ക് നിറഞ്ഞ് പുറത്തേക്ക് ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇത് പരിഹരിക്കാനുള്ള യാതൊരു നടപടികളും ഇതുവരെ അധികൃതർ സ്വീകരിച്ചിട്ടില്ല. ടോയ്‌ലെറ്റിലേക്കുള്ള നടപ്പാതയിലും പരിസരത്തും മാലിന്യം നിറഞ്ഞുകിടക്കുകയാണ്. രൂക്ഷമായ ദുർഗന്ധത്താൽ അതുവഴി സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. മാലിന്യം ഒഴുകി കിടക്കുന്നതിനാൽ അതിൽ ചവിട്ടി വേണം ടോയ്‌ലെറ്റിലേക്ക് പോകുവാൻ. ധാരാളം വിദേശ സഞ്ചാരികൾ വരുന്ന പ്രധാന ടൂറിസം മേഖലയാണ് ഇത്തരത്തിൽ വൃത്തിഹീനമായ അവസ്ഥയിൽ കാണുന്നത്. ഇവിടെയെത്തുന്ന കുട്ടികളുടെയടക്കം ആരോഗ്യ സ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നാണ് സഞ്ചാരികളുടെ പരാതി.
2024 സെപ്റ്റംബർ മാസം സി.എസ്.എം.എൽ പുതുക്കിപ്പണിത് ഉദ്ഘാടനം നിർവഹിച്ച പാർക്കിലെ ടോയ്‌ലെറ്റിൽ നിന്നാണ് മാലിന്യം നിറഞ്ഞ് പുറത്തേക്കൊഴുകുന്നത്. അധികൃതരുടെ ഇത്തരത്തിലുള്ള അനാസ്ഥ പ്രതിസന്ധി നേരിടുന്ന ടൂറിസം വ്യവസായത്തിന്റെ നിലനിൽപ്പിനെ തന്നെ ദോഷകരമായി ബാധിക്കും എന്നാണ് ബന്ധപ്പെട്ടവരുടെ ആശങ്ക.