കൊച്ചി: കഴിക്കുന്ന അന്നത്തിന് പോലും സ്വന്തം പേരില്ലാത്തവരായി മലയാളി മാറിയെന്ന് കവി പ്രൊഫ.വി.മധുസൂദനൻ നായർ പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് കഞ്ഞി കുടിച്ചോയെന്നും ഊണ് കഴിച്ചോയെന്നും ചോദിച്ചിരുന്ന വയോധികർ പോലുമിപ്പോൾ ഫുഡ് കഴിച്ചോ അല്ലെങ്കിൽ ഫുഡടിച്ചോ എന്നൊക്കെ മാത്രമേ പറയുന്നുള്ളൂ. നമ്മുടെ സ്വന്തം ഏത്തക്കാ വറ്റലിനെ പോലും ചിപ്‌സ് എന്നല്ലാതെ പറയാൻ പറ്റാത്ത സ്ഥിതിയായി. സീനിയർ ജേർണലിസ്റ്റ്‌സ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി പ്രസ്‌ ക്ലബിൽ സംഘടിപ്പിച്ച മലയാള ഭാഷാദിനാചരണത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് കെ.കെ. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. വി.മധുസൂദനർ നായരെ ആക്ടിംഗ് സെക്രട്ടറി എ.കെ. ദാസനും ഭാഷാദിനാചരണത്തിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തിയ കവി പി.ഐ.ശങ്കരനാരായണനെ പ്രൊഫ.മധുസുദനൻ നായരും ആദരിച്ചു. സീനിയർ ജേർണലിസ്റ്റ്‌സ് യൂണിയൻ കേരള ജനറൽ സെക്രട്ടറി വി.ആർ.രാജമോഹൻ, പ്രസ് ക്ലബ് സെക്രട്ടറി ഷജിൽ കുമാർ, സി.ഐ.സി.സി ജയചന്ദ്രൻ, കെ.എച്ച്.എം. അഷറഫ്, എൻ.ബാലകൃഷ്ണൻ, കെ.ജി.ജ്യോതിർഘോഷ്, എസ്.കൃഷ്ണൻ കുട്ടി, എം.ടി. ഉദയകുമാർ എന്നിവർ പ്രസംഗിച്ചു. പി.ഐ. ശങ്കരനാരായണൻ ഭാഷാവന്ദനം നടത്തി. പി.വി. കൃഷ്ണൻ സ്വാഗതവും പി.എ.മെഹബൂബ് നന്ദിയും പറഞ്ഞു.