
പള്ളുരുത്തി: കുമ്പളങ്ങി - പെരുമ്പടപ്പ് പാലത്തിന്റെ സ്പാനിന്റെ ഭാഗത്ത് വിള്ളൽ വന്നതോടെ വാഹനയാത്ര ദുഷ്കരമായി. പാലത്തിന്റെ മദ്ധ്യഭാഗത്ത് ഉണ്ടായ വിള്ളൽ അപകടങ്ങൾക്ക് കാരണമാവുകയാണ്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്ന സാഹചര്യമൊഴിവാക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി ഇതുവഴി സഞ്ചരിച്ച ദമ്പതിമാർ അപകടത്തിന് ഇരയായി. ബൈക്ക് സ്പാനിന്റെ വിള്ളലിൽ കുടുങ്ങി ആലപ്പുഴ ചാവടിയിലേക്ക് പോയ നിജിൻ (26), അക്ഷര (21) എന്നിവർ തെന്നി മറിയുകയായിരുന്നു. പാലത്തിലേക്ക് തെറിച്ചു വീണ ഇവരെ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ഒരു വർഷം മുൻപ് പാലത്തിലെ വിള്ളൽ ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് താത്കാലികമായി വിള്ളൽ അടച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ തകർന്നു.
പെരുമ്പടപ്പ് പാലത്തിലുണ്ടായ വിള്ളൽ ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.
കെ.കെ.റോഷൻ കുമാർ
പള്ളുരുത്തി മണ്ഡലം ജനറൽ സെക്രട്ടറി
ബി.ജെ.പി