കോലഞ്ചേരി: തിരഞ്ഞെടുപ്പ് ചൂട് മുറുകും മുമ്പെ നവമാദ്ധ്യമങ്ങളിൽ പ്രചാരണം കൊഴുപ്പിച്ച് സ്ഥാനാർത്ഥി മോഹികൾ. സ്ഥാനാർത്ഥിത്വം ആഗ്രഹിക്കുന്നവരാണ് അണികളെ ഇറക്കി പോസ്റ്റുകളിടുന്നത്. ഇത് ഷെയർ ചെയ്യാനും കമ്മീഷനുണ്ട്. മുൻനിര നേതാക്കളോടൊപ്പമുള്ള ഫോട്ടോകളും നാളിതുവരെ പങ്കെ‌ടുത്ത സമരചിത്രങ്ങളും കാരുണ്യ പ്രവൃത്തികളുമടക്കം ജനശ്രദ്ധയിലേയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യം. നിലവിൽ ത്രിതല പഞ്ചായത്ത് സമിതികളിൽ അംഗങ്ങളായവർ ചെയ്ത വികസന പ്രവൃത്തികൾ അക്കമിട്ടു നിരത്തി ഫെയ്‌സ് ബുക്കിൽ പോസ്​റ്റിട്ട് ചൂടേറിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയാണ് പലരും. കമന്റുകളും ലൈക്കുകളുമൊക്കെയായി അവർ ഗൗരവമായ ചർച്ചകളാണ് നടത്തുന്നത്. സ്ഥാനാർത്ഥികൾക്കെന്ന പേരിൽ രൂപകല്പന ചെയ്ത ഫെയ്‌സ് ബുക്ക് പേജുകളിലെ കമന്റ് ബോക്‌സിൽ അവരോട് ചോദ്യങ്ങൾ ചോദിക്കാം. വൈകാതെ ഉത്തരവും കിട്ടും.

സിനിമാ താരങ്ങളുടെ അകമ്പടിയോടെയുള്ള ട്രോളുകളാണ് മ​റ്റൊരു ട്രെൻഡ്. തന്നെ ഒന്നു ട്രോളിയാലും കുഴപ്പമില്ല സീറ്റ് ഉറപ്പിക്കുകയാണ് ലക്ഷ്യം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മത്സരിക്കാനുള്ള തങ്ങളുടെ ആഗ്രഹം അണികൾ മുഖേന യുവനേതാക്കൾ നവ മാദ്ധ്യമങ്ങളിൽ അറിയിച്ചുകഴിഞ്ഞു. തങ്ങളുടെ അപദാനങ്ങൾ മ​റ്റുള്ളവർ പറയുന്നു എന്ന രീതിയിലാണ് പോസ്​റ്റുകൾ. ചിലർ ഇതും പോരാഞ്ഞ് അണികളെ സംഘടിപ്പിച്ച് യാത്രകൾ വരെ നടത്താൻ തയ്യാറായി കഴിഞ്ഞു. ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലും ഇൻസ്റ്റഗ്രാമിലുമൊക്കെയായി 'ഇ "പ്രചരണം സജീവമാക്കി യുവ തലമുറയും കട്ടയ്ക്ക് കൂടെയുണ്ട്. സ്ഥാനാർത്ഥികൾ ആകുമെന്ന് പ്രതീക്ഷിക്കുന്നവർ എല്ലാവരും വെബ് സൈ​റ്റുകളും തുടങ്ങി. നാലാൾ കൂടുന്നിടത്ത് വണ്ടിയിൽ മൈക്കു വച്ചുകെട്ടി പ്രസംഗിച്ചുള്ള വോട്ടഭ്യർത്ഥനയുടെ കാലം കഴിഞ്ഞുവെന്നും വോട്ടു വേണമെങ്കിൽ 'ഇ" തലമുറയുടെ ഒഴുക്കിനൊത്ത് തുഴഞ്ഞേ പ​റ്റൂ എന്നുമാണ് നവമാദ്ധ്യമ വക്താക്കളുടെ പക്ഷം.