മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗര റോഡ് വികസനവും ഗതാഗത പ്രശ്നങ്ങളും ചർച്ചചെയ്യാൻ അടിയന്തരമായി സർവകക്ഷിയോഗം വിളിച്ചു ചേർക്കണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം അധികൃതരോട് ആവശ്യപ്പെട്ടു. നഗരറോഡ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിയിൽ നിശ്ചിത ഭാഗം ഇപ്പോൾ റോഡിന്റെ ഭാഗമായി ഉൾപ്പെട്ടിട്ടില്ല. ശരാശരി വീതി 20 മീറ്റർ ഉണ്ടാകുന്നതിന് പകരം വള്ളക്കാലി ജംഗ്ഷൻ മുതൽ കച്ചേരിത്താഴം കവലയിലേക്ക് പ്രവേശിക്കുന്ന സ്ഥലം വരെ ശരാശരി വീതി 17 മീറ്ററായി ചുരുങ്ങി. വെള്ളൂർ കുന്നം മുതൽ നെഹ്റു പാർക്ക് വരെ റോഡ് പ്രവൃത്തിയിൽ നിന്ന് ഒഴിവാക്കിയത് ഗുരുതര വീഴ്ചയാണ്. 2017-2018 ബജറ്റിൽ അനുവദിച്ച 32 കോടി രൂപയുടെ വിനിയോഗത്തിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും എൽദോ എബ്രഹാം കുറ്റപ്പെടുത്തി.
ഇനിയും ഏറ്റെടുക്കേണ്ട 18സെന്റ് സ്ഥലം ഏറ്റെടുത്തിട്ടില്ല. ഏറ്റെടുത്ത സ്ഥലം സ്വകാര്യ വ്യക്തികൾ കൈയേറുകയും ചെയ്തു. കൈവരികളുടെ നിർമ്മാണത്തോടെ കച്ചവടക്കാർ പ്രതിസന്ധിയിലായി. ഇരു ചക്ര വാഹനങ്ങൾ പോലും പാർക്ക് ചെയ്യാൻ സൗകര്യം ഇല്ല. ഓട്ടോറിക്ഷ സ്റ്റാൻഡുകളുടെ കാര്യത്തിൽ കൃത്യത വരുത്തണം. ബസ് സ്റ്റോപ്പുകൾ എവിടെ എന്നതിലും സ്ത്രീ സൗഹൃദ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ചും പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിലും തീരുമാനം ഉണ്ടാകണം.
2 വർഷമായി തുടരുന്ന ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ സർവകക്ഷി യോഗം വിളിക്കാൻ ഇനിയും വൈകുന്നത് അംഗീകരിക്കാനാകില്ലെന്നും ജില്ലാ കളക്ടർ മൂവാറ്റുപുഴയിലെത്തി സ്ഥല പരിശോധനയും പദ്ധതി വിലയിരുത്താൻ യോഗവും ചേരണമെന്നും എൽദോ എബ്രഹാം അധികാരികളോട് ആവശ്യപ്പെട്ടു.