vande

കൊച്ചി: ബംഗളൂരൂ - എറണാകുളം വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടായേക്കില്ല. എ.സി ചെയർകാറിന് 1,465 രൂപയും എക്‌സിക്യൂട്ടീവ് 2,945 രൂപയുമായിരുന്നു കഴിഞ്ഞ വർഷം ജൂലായിൽ ആരംഭിച്ച് വൈകാതെ തന്നെ അവസാനിപ്പിച്ച വന്ദേഭാരതിന്റെ ടിക്കറ്റ് നിരക്ക്. വർദ്ധന ഉണ്ടായേക്കില്ലെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന വിവരം. നിരക്ക് സംബന്ധിച്ച് ഇന്നോ നാളെയോ ഔദ്യോഗിക അറിയിപ്പ് വന്നേക്കും.

കഴിഞ്ഞ ദിവസമാണ് ബംഗളൂരു - എറണാകുളം വന്ദേഭാരത് സർവീസ് പ്രഖ്യാപിച്ചത്. നവംബർ 7ന് സർവീസ് ആരംഭിക്കും. രാവിലെ 5.10ന് കെ.എസ്.ആർ ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50ന് എറണാകുളത്തെത്തും. തിരിച്ച് 2.20ന് പുറപ്പെട്ട് രാത്രി 11.00ന് ബംഗളൂരുവിൽ എത്തിച്ചേരും. ബുധനാഴ്ച ഒഴികെയാണ് സർവീസ്. 630 കിലോമീറ്റർ വെറും എട്ടുമണിക്കൂറിൽ പിന്നിടും. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം, കൃഷ്ണരാജപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്‌തേക്കും. നിലവിൽ ബംഗളൂരുവിൽ നിന്ന് ദിവസവും ഇന്റർസിറ്റി ട്രെയിൻ സർവീസുണ്ട്. രാവിലെ 6.10ന് പുറപ്പെടുന്ന ഇന്റർസിറ്റി വൈകിട്ട് 4.55ന് എറണാകുളത്തെത്തും. രാവിലെ 9.10ന് പുറപ്പെട്ട് രാത്രി 9ന് ബംഗളൂരുവിലെത്തും. യാത്രാസമയം 10.45 മുതൽ 12 മണിക്കൂർ വരെയാണ്.