
കൊച്ചി: എറണാകുളം നഗരത്തിലെ അപ്പാർട്ട്മെന്റിൽ താമസിച്ച് വൻതോതിൽ രാസലഹരി വിതരണം നടത്തുന്ന യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പ്രതികൾ വിദ്യാർത്ഥികളാണ്.
കോഴിക്കോട് താമരശേരി കാട്ടിപ്പാറ കരിഞ്ചോല വീട്ടിൽ മുഹമ്മദ് മിദിലാജ് (23), കൊയിലാണ്ടി പന്തലായനി കുറവങ്ങാട് കപ്പന വീട്ടിൽ ഹേമന്ദ് സുന്ദർ (24), കാട്ടിപ്പാറ തെയ്യത്തുംപാറ വീട്ടിൽ മുഹമ്മദ് അർഷാദ് (22), കൊയിലാണ്ടി കൊഴുക്കല്ലൂർ ഇറങ്ങത്ത് വടക്കേ വലിയ പറമ്പിൽ വീട്ടിൽ കാർത്തിക് (23) എന്നിവരാണ് എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആൻി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. പ്രതികൾ താമസിക്കുന്ന എറണാകുളം നോർത്ത് വടുതല ഡോൺ ബോസ്കോ റോഡിന് സമീപം സ്കൈലക്സ് സർവീസ് അപ്പാർട്ട്മെന്റിലെ മുറിയിൽ നിന്ന് 70. 47 ഗ്രാം എം.ഡി.എം.എയും 2.32 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇതിന് രണ്ടര ലക്ഷം രൂപയോളം വിപണി വിലയുണ്ട്. ഇന്നലെ പുലർച്ചെ ബംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം കൊണ്ടുവന്ന രാസലഹരിയാണ് കണ്ടെത്തിയത്.
എറണാകുളത്ത് ട്രേഡിംഗ് കോഴ്‌സ് വിദ്യാർത്ഥിയായ മുഖ്യപ്രതി മിദിലാജിന്റെ നേതൃത്വത്തിലാണ് രാസലഹരി കടത്തെന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ‌് സി.ഐ പി. ശ്രീരാജും ഇൻസ്പെക്ടർ കെ.പി. പ്രമോദും പറഞ്ഞു. 2019ൽ ആറ് കിലോ കഞ്ചാവ് കടത്തിയതിന് കർണാടക പൊലീസ് മിദിലാജിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലാണ്. കാർത്തിക്കും ഹേമന്ദ് സുന്ദറും ഓയിൽ ആൻഡ് ഗ്യാസ് കോഴ്സ് വിദ്യാർത്ഥികളാണ്. മിഥിലാജിന്റെ നിർദ്ദേശപ്രകാരം കാർത്തിക്കും മുഹമ്മദ് അർഷാദും ചേർന്നാണ് ബംഗളൂരുവിലെത്തി എം.ഡി.എം.എ വാങ്ങിയത്.
നാല് മാസമായി സംഘം വടുതലയിലെ അപ്പാർട്ട്മെന്റിൽ താമസമായിട്ട്. കാക്കനാട്, കലൂർ, ചേരാനല്ലൂർ, എറണാകുളം ഭാഗത്തെ റിസോർട്ടുകളും അപ്പാർട്ട്മെന്റുകളും കേന്ദ്രീകരിച്ചാണ് രാസലഹരി വിതരണം. വാട്സാപ്പ്, ടെലഗ്രാം വഴിയാണ് ഇടപാട്. 3000 മുതൽ 3500 രൂപ വരെയാണ് ഒരു ഗ്രാം എം.ഡി.എം.എയ്‌ക്ക് ഈടാക്കുന്നത്. എക്സൈസ് ഇൻസ്പെക്ടർ ഒ.എൻ. അജയകുമാർ, പ്രിവന്റീവ് ഓഫിസർ സതീഷ് ബാബു, ആഷ്ലി, സിവിൽ എക്സൈസ് ഓഫിസർമാരായ മോഹനൻ, സജിത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.