പറവൂർ: ആലങ്ങാട് പഞ്ചായത്തിലെ നീറിക്കോട് പ്രദേശത്തെ ജനങ്ങളുടെ പ്രിയനേതാവാണ് അറുപത്തിയെട്ടുകാരനായ വി.ബി. ജബ്ബാർ. അതുകൊണ്ടാണ് 38 വർഷം തുടർച്ചയായി പഞ്ചായത്ത് അംഗമായി ജബ്ബാറിനെ തിരഞ്ഞെടുക്കുന്നതും. നാട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും ജനങ്ങൾക്കൊപ്പമുണ്ടാകുന്ന ജബ്ബാർ നീറിക്കോടുള്ള ഏതു വാർഡിൽ മത്സരിച്ചാലും വിജയം ഉറപ്പെന്നാണ് നാട്ടുകാരുടെ അഭിപ്രായം. 1988ൽ സി.പി.ഐയുടെ സ്ഥാനാർത്ഥിയായാണ് ആദ്യമത്സരം. പഞ്ചായത്ത് നഗരപാലിക ബില്ല് നിലവിൽവന്ന 1995ൽ സി.പി.ഐ സീറ്റ് നൽകിയില്ല. ഇതോടെ യു.ഡി.എഫിന്റെ പിന്തുണയോടെ മത്സരിച്ച് ജയിച്ചു. പിന്നീട് കോൺഗ്രസിൽ ചേർന്നു. തുടർന്ന് 1, 2, 5 എന്നീ വാർഡുകളിൽ മത്സരിച്ച് വിജയിച്ചു. ഒന്നര പതിറ്റാണ്ടായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമാണ്. ആലങ്ങാട് മണ്ഡലം പ്രസിഡന്റ്, കരുമാല്ലൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ജബ്ബാർ നിലവിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റാണ്. നാൽപത് വർഷത്തെ പൊതുപ്രവർത്തനത്തിന് ജനങ്ങൾ നൽകിയ പിന്തുണയാണ് തന്റെ കരുത്തെന്ന് വി.ബി. ജബ്ബാർ പറഞ്ഞു. ഭാര്യ: സുബൈദ. മക്കൾ: ഖദ്ദാഫി. ആഷിഫ്.