കൊച്ചി: മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ലഹരിക്കെതിരെ സമൂഹ നടത്തം പദ്ധതിയുടെ സമാപനം നാളെ കൊച്ചിയിൽ നടക്കും. വാക്കത്തൺ രാവിലെ ആറിന് ഫ്ലാഗ് ഓഫ് ചെയ്യും. മറൈൻഡ്രൈവ് മുതൽ ദർബാർ ഗ്രൗണ്ട് വരെ നീളുന്ന യാത്രയിൽ കൊച്ചിയിലെ രാഷ്ട്രീയസാംസ്‌കാരിക പ്രവർത്തകരും പൊതുജനങ്ങളും ഭാഗമാകും.

ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ രമേശ് ചെന്നിത്തല ജാഥാംഗങ്ങൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കോഴിക്കോട് തുടക്കമിട്ട പദ്ധതി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കാസർകോട്, മലപ്പുറം, തൃശൂർ, കണ്ണൂർ, വയനാട്, പാലക്കാട്, കോട്ടയം, ഇടുക്കി ജില്ലകൾ പിന്നിട്ടാണ് കൊച്ചിയിൽ സമാപിക്കുന്നത്.

രാഷ്ട്രീയത്തിനതീതമായി മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണയും പ്രോത്സാഹനവും പദ്ധതിക്കുണ്ടാകണമെന്നും മയക്കുമരുന്ന് വ്യാപനത്തിനെതിരെ എല്ലാ പ്രസ്ഥാനങ്ങളും സംഘടനകളും കൈകോർക്കണമെന്നും സംഘാടകർ ആവശ്യപ്പെട്ടു.