കൊച്ചി: എത്ര ഭംഗിയും സൗരഭ്യവുമുള്ള പുഷ്പങ്ങൾ പ്രദർശനത്തിനുണ്ടായാലും വി.കെ. കൃഷ്ണന്റെ അസാന്നിദ്ധ്യം ഇനി കൊച്ചിൻ ഫ്ളവർഷോയിലെത്തുന്നവർ അനുഭവിക്കാതിരിക്കില്ല. വി.കെ. കൃഷ്ണൻ ഇല്ലാത്തെ ആദ്യത്തെ ഫ്ളവർ ഷോയാണ് അടുത്ത മാസം 24 മുതൽ എറണാകുളത്ത് നടക്കുക.

സംഘാടകരായ എറണാകുളം ജില്ലാ അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളും കഴിഞ്ഞ 15 വർഷമായി വൈസ് പ്രസിഡന്റുമായിരുന്ന വി.കെ. കൃഷ്ണന് പ്രായം വെറും സംഖ്യ മാത്രമായിരുന്നു. ഒറ്റയ്‌ക്ക് താൻ പങ്കാളിയായ എല്ലാ വേദികളിലും സമയത്തിന് മുമ്പേ എത്തണമെന്നും, ഏറ്റെടുക്കുന്ന ദൗത്യങ്ങളെല്ലാം നിശ്ചയിച്ചതിനും മുമ്പേ തീർക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ സ്നേഹനിർബന്ധം ശനിയാഴ്ച 92-ാം വയസിൽ ജീവിതത്തോട് വിടപറയും വരെയും തുടർന്നു. 42 വർഷം മുമ്പ് അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി തുടങ്ങുമ്പോഴുള്ള ഉത്സാഹം കഴിഞ്ഞ വർഷം മറൈൻഡ്രൈവിൽ അവസാനത്തെ ഫ്ളവർ ഷോയ്‌ക്ക് കൊടിയിറങ്ങുന്ന വരെ ഉണ്ടായിരുന്നു. അടുത്ത ഷോയ്ക്കുള്ള പ്രവർത്തനങ്ങളിലും പങ്കുകൊണ്ടതായി സൊസൈറ്റി സെകട്ടറിയായ സി.എൻ. സുരേഷ് പറഞ്ഞു.

മഹാരാജാസ് ഓൾഡ് സ്റ്റുഡന്റ് അസോസിയേഷൻ സ്ഥാപകപ്രസിഡന്റായ കൃഷ്ണൻ ശനിയാഴ്ച ആശുപത്രിയിലാകുന്നതുവരെ നഗരത്തിലെ പരിപാടികളിൽ സജീവമായിരുന്നു. അസോസിയേഷന്റെ എല്ലാ യോഗങ്ങളിലും എത്തും. മഹാരാജാസ് ഗ്രൗണ്ടിലെ കടമുറികളുടെ കോടികളുടെ വാടകകുടിശിക ഈടാക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹമെന്ന് ഭാരവാഹികയായ സി.ഐ.സി.സി ജയചന്ദ്രൻ പറഞ്ഞു.

ദീർഘനാളായി പേസ് മേക്കറിന്റെ സഹായത്താലായിരുന്നു ജീവിതം. ഒരു വർഷം മുമ്പ് അത് മാറ്റിവയ്ക്കുകയും ചെയ്തു.

കൊച്ചി ശ്രീനാരായണ ക്ളബ്ബിന്റെയും തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠത്തിന്റെയും സ്ഥാപനകാലം മുതൽ വി.കെ. കൃഷ്ണന്റെ നേതൃത്വമുണ്ട്. വിദ്യാപീഠത്തിന്റെ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. സമീപവാസി കൂടിയായ പ്രൊഫ. എം.കെ. സാനുവുമായും കുടുംബവുമായും അടുത്ത ബന്ധം പുലർത്തി. നഗരമദ്ധ്യത്തിലെ കാരിക്കാമുറിയിലുള്ള കൃഷ്ണന്റെ വീട് അക്ഷരാർത്ഥത്തിൽ ചെറുതും വലുതുമായ ഫലവൃക്ഷങ്ങളുടെ കേന്ദ്രമാണ്. വിളയുന്നവ ഇഷ്ടമുള്ളവർക്കെല്ലാം എത്തിച്ചുനൽകുന്നതായിരുന്നു രീതി. സദാചിരിക്കുന്ന ആ മുഖം നഗരത്തിലെ സാംസ്കാരിക വേദികളിൽ ഇനിയില്ലെന്നത് സ്നേഹിതർക്ക് തീരാനോവാണ്.