navy
മിലിഷ്ചുക്ക് റോമന് കോസ്റ്റ്ഗാർഡിന്റെ മെഡിക്കൽ അസിസ്റ്റന്റ് വൈദ്യസഹായം നൽകുന്നു

കൊച്ചി: കൊച്ചി തീരത്ത് കൂടി കടന്നു പോകുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഓയിൽ ടാങ്കറിലെ ജീവനക്കാരനെ കോസ്റ്റ് ഗാർഡ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ടഗ് ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം.

കൊച്ചി തീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ നീങ്ങിക്കൊണ്ടിരുന്ന മാൾട്ടയുടെ ഓയിൽ ടാങ്കർ ‘മിനർവ വെറാ’യിലെ യുക്രെയിൻ പൗരനായ ജീവനക്കാരൻ മിലിഷ്ചുക്ക് റോമനെയാണ് (58) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ പുലർച്ചെ 1.42നാണ് കൊച്ചി സതേൺ നേവൽ കമാൻഡിലെ മാറിടൈം റെസ്ക്യു സപ്പോർട്ട് സെന്ററിൽ (എം.ആർ.എസ്.എസ്) കപ്പലിൽ നിന്ന് സഹായ അഭ്യർത്ഥന എത്തിയത്. ജീവനക്കാരൻ 48 മണിക്കൂറായി അടിവയറ്റിൽ കഠിന വേദന അനുഭവപ്പെട്ട് അവശനിലയിലാണെന്നും വൈദ്യസഹായം എത്തിക്കണമെന്നുമായിരുന്നു സന്ദേശം. ഫുജൈറ തുറമുഖത്തേക്ക് ഓയിലുമായി പോവുകയായിരുന്നു കപ്പൽ.

വൈദ്യസഹായം നൽകാൻ കോസ്റ്റ്ഗാർഡിലെ മെഡിക്കൽ അസിസ്റ്റന്റുമായി കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ടഗ് ‘ഓഷ്യൻ എലൈറ്റ്’ ഉടൻ ഉൾക്കടലിലേക്ക് പുറപ്പെട്ടു.

അവശനായിരുന്ന മിലിഷ്ചുക്ക് റോമന് പ്രഥമശുശ്രൂഷയും കുത്തിവയ്പും നൽകിയ ശേഷം സുരക്ഷിതമായി ടഗിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 1.10ന് കൊച്ചി തുറമുഖത്ത് എത്തിച്ചു. ഇവിടെ നിന്ന് ആംബുലൻസിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.