ആലുവ: റെയിൽവേ പാർക്കിംഗ് ഗ്രൗണ്ടിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ മോതിരവും മൊബൈൽ ഫോണും കവർന്ന മൂന്ന് പേർ പിടിയിൽ. കൊല്ലം സ്വദേശി മുഹമ്മദ് സാജുദ്ദീൻ, തൃശൂർ വടക്കാഞ്ചേരി സ്വദേശി അനുരാഗ്, തൃശൂർ ചാവക്കാട് സ്വദേശി പ്രവീൺ എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി ഏഴ് മണിയോടെ എസ്.എൻ.ഡി.പി സ്കൂളിന് സമീപത്തെ പാർക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. ചെറായി സ്വദേശി അഖിലിനെയാണ് പ്രതികൾ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. പാലക്കാട് നിന്ന് ട്രെയിൻ മാർഗം ആലുവയിൽ വരുന്ന സുഹൃത്തിനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയതാണ് അഖിൽ. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
സി.സി ടി വി ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ആലുവ നവരത്ന ബാറിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.