d

മെഡിക്കൽ, പാരാമെഡിക്കൽ പഠനത്തിന് ഇന്ത്യൻ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ ജോർജിയയും. റഷ്യ- യുക്രെയിൻ യുദ്ധം ജോർജിയയെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഹോട്ട് സ്പോട്ടാക്കിയെന്ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) ഡാറ്റ വ്യക്തമാക്കുന്നു. യുദ്ധം തുടങ്ങും വരെ യുക്രെയിനോട് വിദ്യാർത്ഥികൾക്കുണ്ടായിരുന്ന താത്പര്യം രണ്ടുവർഷം കൊണ്ട് ജോർജിയയിലേക്ക് മാറി. എൽ.ആർ.എസ് ഡാറ്റ പ്രകാരം 2019ൽ 10.33 മില്യൺ ഡോളറാണ് (ഏകദേശം 92 കോടി രൂപ) ജോർജിയയിൽ പഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ചെലവഴിച്ചിരുന്നത്. എന്നാൽ 2024ൽ ഇത് 50.25 മില്യൺ ഡോളറായി (ഏകദേശം 446 കോടി രൂപ) ഉയർന്നു. അഞ്ചു വർഷം കൊണ്ട് 5 മടങ്ങ് വർദ്ധന. 2019ൽ 4,148 വിദ്യാർത്ഥികളാണ് ജോർജിയയിൽ അഡ്മിഷൻ നേടിയിരുന്നത്. 2024ൽ ഇത് 10,470 ആയി ഉയർന്നു.

മറുവശത്ത്, 40 മില്യൺ ഡോളറായിരുന്നു 2021ൽ യുക്രെയ്നിൽ പഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ചെലവഴിച്ചത്. 2024ൽ ഇത് 2.4 മില്യൺ ഡോളറിലേക്ക് കൂപ്പുകുത്തി.

 ജീവിക്കാൻ കീശകീറില്ല

യൂറോപ്പിലും ഏഷ്യയിലുമായി പരന്നു കിടക്കുന്ന ജോർജിയ താരതമ്യേന ജീവിത ചെലവു കുറഞ്ഞ രാജ്യമാണ്. ജോർജിയയിൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് അവിടെയോ അല്ലെങ്കിൽ യൂറോപ്പിലോ ജോലി, സ്ഥിരതാമസ സാദ്ധ്യതകൾ കൂടുതലുണ്ടെന്നതും വിദ്യാർത്ഥികളെ ആകർഷിക്കുന്നു. അതേസമയം, യുക്രെയ്നുമായി യുദ്ധത്തിലാണെങ്കിലും റഷ്യയിലേക്ക് പഠനാവശ്യത്തിന് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായി. 2019ൽ 14.8 മില്യൺ ഡോളറായിരുന്നു (131 കോടി രൂപ) റഷ്യയിൽ പഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ചെലവഴിച്ചതെങ്കിൽ 2024ൽ ഇത് 69.94 മില്യൺ ഡോളറായി (621 കോടി രൂപ) ഉയർന്നു.