കൊച്ചി: ദക്ഷിണ നാവികസേനയിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് നഗരത്തിൽ കറങ്ങി നടന്ന 18കാരൻ പൊലീസിന്റെ വലയിലായി. തിരുവനന്തപുരം വെള്ളറട സ്വദേശി സൂരജ് പ്രവീണിനെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ താമസിച്ചിരുന്ന എറണാകുളം പവർഹൗസ് എക്സ്റ്റൻഷൻ റോഡിലെ ലോഡ്ജിൽ നിന്ന് നാവികസേനയുടെ വ്യാജ യൂണിഫോം, തൊപ്പി, 'ലഫ്റ്റനന്റ്" റാങ്കിലുള്ള നെയിംപ്ലേറ്റ്, ഐ.ഡി കാർഡ് എന്നിവ കണ്ടെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കും.രണ്ട് മാസം മുമ്പാണ് സൂരജ് ജോലി തേടി കൊച്ചിയിലെത്തിയത്. തുടർന്ന് ലോഡ്ജിൽ മുറി തരപ്പെടുത്തി ഓൺലൈൻ ഭക്ഷണ വിതരണവും മറ്റും ചെയ്തു വരികയായിരുന്നു. ഒരു മാസമായി വാടക നൽകിയിരുന്നില്ല. ഇതോടെ ഉടമ ഞായറാഴ്ച റൂം പരിശോധിച്ചപ്പോഴാണ് വ്യാജ യൂണിഫോമും മറ്റും ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു. സൂരജിനെ കസ്റ്റഡിയിലെടുത്തു.

വിവരമറിഞ്ഞ് സൂരജിന്റെ ബന്ധുക്കൾ കൊച്ചിയിലെത്തി. സൂരജ് കൊച്ചിയിൽ എത്താനിടയായ സാഹചര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് മാസം കൊച്ചിയിൽ ഇയാൾ എന്ത് ചെയ്തു, സൗഹൃദ വലയങ്ങൾ, ഫോൺവിളികൾ തുടങ്ങിയവ അന്വേഷണത്തിൽപ്പെടും. ദക്ഷിണനാവിക സേനയുടെ ആസ്ഥാനത്ത് നേരിട്ടു ചെന്നാൽ ജോലി തരപ്പെടുമെന്ന് പ്ലസ് ടു പാസാവാത്ത സൂരജിനെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇത് വിശ്വസിച്ച് കൊച്ചിക്ക് വണ്ടി കയറിയെന്നാണ് യുവാവിന്റെ മൊഴി.