kerala-highcourt

കൊച്ചി: ദേശീയപാതയിൽ അടിപ്പാതകളുടെ നിർമ്മാണം നടക്കുന്ന അങ്കമാലി - മണ്ണുത്തി ഭാഗത്ത് സമയബന്ധിത അറ്റകുറ്റപ്പണികളും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കണമെന്ന് ഹൈവേ അതോറിറ്റിക്ക് ഹൈക്കോടതി നിർദ്ദേശം.

പാതയിൽ ഗതാഗതക്കുരുക്ക് തുടരുകയാണെന്ന് ഓൺലൈനായി ഹാജരായ തൃശൂർ ജില്ലാ കളക്ടർ അറിയിക്കുകയും സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടുകയും ചെയ്ത പശ്ചാത്തലത്തിലാണിത്.

ഭൂമി കുഴിക്കുന്ന ജോലികളടക്കം നടക്കുന്നതിനാൽ സുരക്ഷാ പ്രശ്നങ്ങളുമുണ്ട്. പാർശ്വഭിത്തികളും ബാരിക്കേഡുകളും വേണ്ടത്ര സ്ഥാപിച്ചിട്ടില്ല. സർവീസ് റോഡുകളിൽ നിന്നുള്ള എൻട്രി പോയിന്റുകളിൽ റോഡ് തകർന്നിട്ടുണ്ടെന്നും അറിയിച്ചു.

തൃശൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല മേൽനോട്ട സമിതിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കി രണ്ടാഴ്ചയ്‌ക്കകം സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഗതാഗത തടസം തുടരുമ്പോഴും തൃശൂർ പാലിയേക്കരയിൽ ടോൾ പിരിവ് തുടരുന്നതിനെതിരെ ഷാജി കോടകണ്ടത്ത് അടക്കം നൽകിയ ഹർജികളാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്രിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിക്കുന്നത്. കോടതി നിർദ്ദേശപ്രകാരം 70 ദിവസത്തിലധികം നിറുത്തി വച്ചിരുന്ന ടോൾപിരിവ് ഒക്ടോബർ 17നാണ് പുനഃസ്ഥാപിച്ചത്.

മേൽനോട്ട സമിതിയുടെ നിർദ്ദേശങ്ങൾ പരമാവധി പാലിക്കുന്നുണ്ടെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ മറുപടി.

ടോൾ ഉത്തരവ് ഭേദഗതി

ചെയ്യാൻ ഹർജി

പാലിയേക്കരയിൽ ടോൾ പിരിവ് പുനഃസ്ഥാപിച്ച ഹൈക്കോടതി ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഷാജി കോടകണ്ടത്ത് ഉപഹർജി നൽകി. ദേശീയപാതയിൽ കുരുക്ക് രൂക്ഷമാണ്. ശബരിമല സീസണിൽ ഇത് വഷളാകും. വാഹനയാത്ര സുഗമമാക്കാതെ ടോൾ പിരിക്കുന്നത് നിയമത്തിനും കരാറിനും വിരുദ്ധമാണ്. ടോൾ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക് മുടക്കുമുതലും ലാഭവും കിട്ടിക്കഴിഞ്ഞു. എന്നിട്ടും 2028 വരെ ടോൾ പിരിക്കാൻ കമ്പനിക്ക് അനുവാദം നൽകിയതിനെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. ഡിസംബർ 3ന് കാേടതി വീണ്ടും പരിഗണിക്കും.