കൊച്ചി: പൊതുയിടങ്ങളിലെ മാലിന്യം നിക്ഷേപവും മറ്റും കൈയോടെ പിടികൂടാൻ ഉദ്യോഗസ്ഥർ ഒറ്റക്കെട്ടായി ഇറങ്ങിയപ്പോൾ ജില്ലയിൽ നിന്ന് ഖജനാവിൽ എത്തിയത് 11.65 ലക്ഷം രൂപ. തദ്ദേശവകുപ്പിന്റെ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനുവരി മുതലുള്ള കണക്കാണിത്. ഈ വർഷം ആദ്യമാണ് പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും പാഴ്‌വസ്തു വലിച്ചെറിഞ്ഞാൽ കടുത്ത പിഴയും തടവുശിക്ഷയും കർശനമാക്കിയത്.
ഉദ്യോഗസ്ഥർ ഇറങ്ങിയതോടെ കൊച്ചിയുടെ നഗരവീഥികളും പരിസരങ്ങളും മാലിന്യമുക്തമായി. 10 വർഷം മുമ്പ് എങ്ങും മാലിന്യക്കൂമ്പാരമായിരുന്നു കാഴ്ച. ഇതിന്റെ ഫലമാണ് കൊച്ചി നഗരം മാലിന്യമുക്തമായത്. കഴിഞ്ഞ ദിവസമായിരുന്നു ഇതിന്റെ പ്രഖ്യാപനം. മാലിന്യ, ശുചീകരണ രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുകയും കേന്ദ്രസർക്കാരിന്റെ ശുചിത്വ റാങ്കിംഗിൽ സംസ്ഥാനതലത്തിൽ കൊച്ചിയെ ഒന്നാമതെത്തിക്കുകയും ചെയ്ത ഹരിതകർമസേനാ അംഗങ്ങളെയും ശുചീകരണ തൊഴിലാളികളെയും പ്രഖ്യാപന ചടങ്ങിൽ ആദരിച്ചു.
വാട്‌സ്ആപ്പിലൂടെ സംസ്ഥാനത്താകെ ലഭിച്ച പരാതികൾ 12,265
നടപടിയെടുത്ത പരാതികൾ 7,362
220 കേസുകളിൽ പിഴ
ഏറ്റവുമധികം നിയമലംഘനങ്ങൾ വാട്‌സ്ആപ്പിലൂടെ റിപ്പോർട്ട് ചെയ്തതിൽ രണ്ടാം സ്ഥാനത്ത് എറണാകുളമാണ്, 2028 പരാതി. ഒന്നാമത് തിരുവനന്തപുരം (2100), കുറവ് വയനാട് ജില്ലയിൽ (155).
1089 പരിശോധനകൾ ജില്ലയിൽ ആകെ നടത്തി. 202 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയപ്പോൾ 220 കേസുകളിൽ പിഴ ചുമത്തി. അതാത് തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഓരോ ദിവസങ്ങളിലും പരിശോധന. പൊതുയിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റ് എന്നിവിടങ്ങളിലടക്കം നിരീക്ഷണമുണ്ട്. വീടുകൾ മുതൽ വാണിജ്യ സ്ഥാപനങ്ങൾ വരെ അതിൽ ഉൾപ്പെടും.
കണ്ടെത്തിയ നിയമലംഘനങ്ങൾ
മാലിന്യം വലിച്ചെറിയൽ
മാലിന്യം കത്തിക്കൽ
വൃത്തിഹീനമായ സാഹചര്യം
യൂസർഫീ അടക്കുന്നതിലെ വീഴ്ച
മലിനജലം ഒഴുക്കൽ
ഉറവിടമാലിന്യ സംസ്‌കരണത്തിലെ വീഴ്ച
ജലാശയങ്ങളിൽ മാലിന്യം തള്ളൽ
മാലിന്യം കടത്ത്