
കൊച്ചി: ജീവനക്കാർക്ക് ഉയർന്ന പി.എഫ് പെൻഷൻ ലഭിക്കാനായി അടച്ച വിഹിതത്തിന്റെ വിശദാംശം ഇ.പി.എഫ്.ഒയ്‌ക്ക് കൈമാറാൻ ബിവറേജസ് കോർപ്പറേഷന് ഹൈക്കോടതി നിർദ്ദേശം. രണ്ട് മാസത്തിനുള്ളിൽ വിവരം കൈമാറണം. തുടർന്ന് രണ്ട് മാസത്തിനുള്ളിൽ ഹർജിക്കാർക്ക് അർഹമായ ഉയർന്ന പെൻഷൻ ഇ.പി.എഫ്.ഒ പുനർനിർണയിക്കണമെന്നും ജസ്റ്റിസ് പി. ഗോപിനാഥ് ഉത്തരവിട്ടു. വിരമിച്ച 35 ജീവനക്കാരാണ് ഉയർന്ന പെൻഷൻ നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരുടെ ഉയർന്ന പി.എഫ് വിഹിതമായി 2.01 കോടി രൂപ 2014 ജൂൺ 23നാണ് ഒന്നിച്ച് അടച്ചത്. ഇതിന്റെ വിശദാംശങ്ങൾ അറിയേണ്ടതുണ്ടെന്ന് ഇ.പി.എഫ്.ഒ ആവശ്യപ്പെട്ടു. ഒരോരുത്തുടെയും വിഹിതം എത്രയെന്ന് അറിഞ്ഞാലേ പെൻഷൻ കൃത്യമായി കണക്കുകൂട്ടാനാകൂ.