കൊച്ചി: സമുദ്ര ആവാസവ്യവസ്ഥ, മത്സ്യബന്ധനം, മത്സ്യകൃഷി എന്നിവ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്ന നാലാമത് ആഗോള മറൈൻ സിമ്പോസിയമായ മീകോസ് നാല് ഇന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) ആരംഭിക്കും.
സമുദ്ര ശാസ്ത്രജ്ഞർ, ഗവേഷകർ, നയരൂപീകരണ വിദഗ്ദ്ധർ, വ്യവസായികൾ, കർഷകർ എന്നിവർ മൂന്നുദിവസത്തെ സമ്മേളത്തിൽ പങ്കെടുക്കും. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.എസ്. സോമനാഥ് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ച് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ജെ.കെ. ജെന അദ്ധ്യക്ഷയാകും.
ആയിരം പ്രതിനിധികൾ പങ്കെടുക്കും. 500 പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സമുദ്രശാസ്ത്ര മേഖലയിലെ വനിതകൾ, കടൽ സസ്തനികളെക്കുറിച്ചുള്ള പഠനം എന്നീ വിഷയങ്ങളിൽ സെഷനുകളുണ്ടാകും. സീഫുഡ് കയറ്റുമതി, മത്സ്യക്കൃഷി, ഹാച്ചറി, മത്സ്യത്തീറ്റ നിർമ്മാണം, അലങ്കാരമത്സ്യ വിപണനം തുടങ്ങിയ മേഖലകളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന വ്യവസായ സംഗമം ബുധനാഴ്ച നടക്കും.
രുചിക്കാം നീരാളി വിഭവങ്ങൾ
കൊച്ചി: മീകോസ് നാലിലെ സീഫുഡ് മേളയിൽ നീരാളി വിഭവങ്ങളുടെ പാചക പ്രദർശനം ആകർഷണമാകും. കല്ലുമ്മക്കായ, നീരാളി, ചെമ്മീൻ വിഭവങ്ങളുടെ തദ്ദേശീയ രുചിക്കൂട്ടുകൾ ലഭിക്കും. സ്ത്രീ കൂട്ടായ്മകൾ, കുടുംബശ്രീ യൂണിറ്റുകൾ, സീഫുഡ് സംരംഭകർ തുടങ്ങിയവരുടെ സ്റ്റാളുകൾ മേളയിലുണ്ട്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് മേള. പാചകമേള ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് 3 മുതൽ 5 വരെ നടക്കും.