പറവൂർ: ചേന്ദമംഗലം കവലയിലെ ഗതാഗതതടസം പരിഹരിക്കാനാവാത്തത് നഗരത്തിൽ ഗതാഗതക്കുരുക്കിന് ഇടയാകുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ കവലയാണിത്. വളരെ ഇടുങ്ങിയ കവലയിൽ ട്രാഫിക് സിഗ്നൽ തകരാറാവുന്നത് പതിവാണ്. ട്രാഫിക് പൊലീസിന്റെ സേവനം ഇല്ലാത്ത സമയത്ത് കവല കടന്നുകിട്ടാൻ വാഹനങ്ങൾ ഏറെബുദ്ധിമുട്ടണം. വർഷങ്ങളുടെ പഴക്കമുള്ള ട്രാഫിക് സിഗ്നലിൽ ലൈറ്റുകളിൽ പലതും മിഴിതുറക്കുന്നില്ല. ഇത് ഡ്രൈവർമാരെ ആശയക്കുഴപ്പമുണ്ടാക്കുന്നു. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് സിഗ്നൽ പ്രവർത്തിക്കുന്നത്. സിഗ്നൽ കേടായതോടെ രാത്രി ഏഴരയോടെ ഓപ്പൺ സിഗ്നലാകും. ഈ സമയത്ത് നഗരത്തിൽ വാഹനങ്ങളുടെ തിരക്കുണ്ടാകും. നാലുഭാഗത്തുനിന്ന് വാഹനങ്ങൾ നിയന്ത്രണമില്ലാതെ കടന്നുപോകുന്നത് അപകടങ്ങൾക്കിടയാക്കുന്നു. ഓരോഭാഗത്തും രണ്ട് സിഗ്നൽ ലൈറ്റുകൾ ഉണ്ടായിരുന്നു. വാഹനങ്ങൾ ഇടിച്ച് ഇവയിൽ പലതും തകർന്നുപോയി. ഇവ പുന:സ്ഥാപിച്ചിട്ടില്ല.
സിഗ്നൽ പൂർണമായും പ്രവർത്തനം നിലച്ചതോടെ കഴിഞ്ഞ വർഷം മേയിൽ രണ്ട് വ്യാപാര സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് സിഗ്നൽ ലൈറ്റുകൾ നന്നാക്കിയത്. ഇതിന് ശേഷം കേടുവന്നത് നന്നാക്കിയിട്ടില്ല. സിഗ്നൽ നന്നാക്കുന്നകാര്യം വരുമ്പോൾ നഗരസഭ കൈയൊഴിയും. നഗരത്തിലെ സിഗ്നലുകളുടെ പരിപാലനം റോഡ് സേഫ്റ്റി വിഭാഗത്തിനാണ്. അതിനാൽ സിഗ്നൽലൈറ്റുകൾ നന്നാക്കാനുള്ള തുക ചെലവഴിക്കാൻ നഗരസഭയ്ക്ക് നിയമപരമായി സാധിക്കില്ലെന്നാണ് നഗരസഭയുടെ വാദം.
കവലവികസനം പാതിവഴിയിൽ
ചേന്ദമംഗലം കവല വികസനത്തിന് വർഷങ്ങൾക്കുമുമ്പ് നഗരസഭ പദ്ധതി തയ്യാറാക്കിയിരുന്നു. കവലയുടെ തെക്ക് ഭാഗത്തുള്ള കടകൾ അക്വയർചെയ്ത് കവല വീതികൂട്ടാനായിരുന്നു പദ്ധതി. ഇതിൽ കൂടുതലും ഒരുമതസ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണ്. കടകൾ ഏറ്റെടുക്കുന്നതിനെതിരെ കെട്ടിടഉടമസ്ഥരും കടക്കാരും രംഗത്ത് വന്നതോടെ പദ്ധതി ഉപേക്ഷിക്കേണ്ടതായി വന്നു. പിന്നീട് ചേന്ദമംഗലം കവലയുടെ വികനസത്തിനായി ഒരു പദ്ധതിയും നഗരസഭ തയ്യാറാക്കിയിട്ടില്ല.
നഗരത്തിലെ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള യാതൊരു നടപടിയും നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. വർഷങ്ങളായി ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വിളിച്ച് ചേർക്കാൻ ചെയർപേഴ്സൺ തയ്യാറായിട്ടില്ല.
ടി.വി. നിഥിൻ, നഗരസഭ പ്രതിപക്ഷനേതാവ്
ചേന്ദമംഗലം കവല വികസനത്തിനുള്ള തുക കണ്ടെത്താൻ നഗരസഭയ്ക്ക് കഴിയില്ല. സർക്കാർ സഹായത്തോടെയേ സ്ഥലം ഏറ്റെടുക്കലും മറ്റും സാധിക്കൂ. ജിഡ ഡി.പി.ആർ തയ്യറാക്കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും തുടർനടപടിയുണ്ടായില്ല.
സജി നമ്പിയത്ത്, ചെയർമാൻ,
പൊതുമരാമത്ത്
സ്റ്റാൻഡിംഗ് കമ്മിറ്റി