atm

കോലഞ്ചേരി: എ.ടി.എമ്മിൽനിന്ന് പണമെടുക്കാൻ അപരിചിതരുടെ സഹായം തേടുന്നവരെ കുടുക്കാൻ 'മാന്യന്മാരായ" തട്ടിപ്പുവീരന്മാർ രംഗത്ത്. എ.ടി.എം കൗണ്ടറുകളുടെ പ്രവർത്തനത്തെക്കുറിച്ചും പണമെടുക്കുന്ന രീതിയെക്കുറിച്ചും കൃത്യമായി അറിയാതെ ക്യാബിനിൽ എത്തുന്ന സാധാരണക്കാരനെ വലയിൽവീഴ്ത്തി പണംതട്ടുകയാണ് നാട്ടിൻപുറങ്ങളിൽ സജീവമായ ഈ സംഘങ്ങൾ. പ്രായമായവരാണ് മിക്കവാറും തട്ടിപ്പിന് ഇരയാകുന്നത്. ഇവരിൽനിന്ന് തന്ത്റപൂർവം കാർഡ് കൈക്കലാക്കി പണംതട്ടുന്നതാണ് രീതി. കാഴ്ചയിൽ മാന്യമായ വേഷംധരിച്ചെത്തുന്ന സംഘമാണ് തട്ടിപ്പിന് പിന്നിൽ. ഒരു കാബിനിൽ രണ്ടും മൂന്നും മെഷീനുകൾ സ്ഥാപിച്ചിരിക്കുന്ന കൗണ്ടറുകളിലാണ് തട്ടിപ്പുകളേറെയും നടക്കുന്നത്.

തട്ടിപ്പിന്റെ രീതി

തട്ടിപ്പിനായി എ.ടി.എം ക്യാബിനുള്ളിൽ പ്രവേശിക്കുന്ന വിരുതൻ വേസ്​റ്റ് ബക്ക​റ്റിൽ ഉപേക്ഷിച്ചിരിക്കുന്ന രസീതെടുത്ത് ചെറുതായി മടക്കി എ.ടി.എം കാർഡ് കയ​റ്റുന്ന ഹോളിൽ തിരുകിക്കയ​റ്റിയശേഷം മാറിനിന്ന് കൈയിലിരിക്കുന്ന പണം എണ്ണും. ഈ സമയം പണം എടുക്കാനെത്തുന്നവർ കാർഡ് ഇടുമ്പോൾ പേപ്പർ തിരുകി കയ​റ്റിയതിനാൽ കാർഡ് വർക്ക് ചെയ്യില്ല. അവർ സമീപത്ത് നിൽക്കുന്ന 'മാന്യന്റെ" സഹായം അഭ്യർത്ഥിക്കും. അത്തരക്കാരിൽനിന്ന് കാർഡും പിൻനമ്പറും തരപ്പെടുത്തി എ.ടി.എം തകരാറാണെന്ന് പറഞ്ഞ് കാർഡ് തിരികെനൽകും. എന്നാൽ തിരികെ നൽകുന്നത് ഡ്യൂപ്ലിക്കേ​റ്റ് കാർഡാണെന്നുമാത്രം.

ചിലർക്ക് പണമെടുത്തു നൽകിയശേഷമാകും ഡ്യൂപ്ലിക്കേറ്റ് കാർഡ് നൽകുക. യഥാർത്ഥ കാർഡുമായി മുങ്ങുന്ന വിരുതൻ അടുത്ത എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കും. തട്ടിപ്പുകാർ മാസ്‌ക് ധരിച്ച് എത്തുന്നതിനാൽ എ.ടി.എം ക്യാമറകളിൽ മുഖവും പതിയില്ല. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായി പെട്ടെന്ന് അറിയാത്തതിനാൽ പരാതി നല്കാനും വൈകും.

മുൻകരുതൽ

പരിചയമില്ലാത്തവർക്ക് കാർഡ്, എ.ടി.എം പിൻ, ഒ.ടി.പി എന്നിവ കൈമാറരുത്.

ബാങ്കുമായി ബന്ധപ്പെട്ട ഒരു ഇടപാടുകൾക്കും ഇവ നല്കരുത്.

പണം നഷ്ടപ്പെട്ടാൽ ബാങ്കുമായി ബന്ധപ്പെട്ട് കാർഡ് ഉടൻ ബ്ലോക്ക് ചെയ്യണം.

 എ.ടി.എമ്മുകളിലും പ്രദർശിപ്പിച്ചിട്ടുള്ള ടോൾഫ്രീ നമ്പർ വഴിയും കാർഡ് ബ്‌ളോക്ക് ചെയ്യാം.