പറവൂർ: പാലിയം രാജഭരണവും സമരപോരട്ടങ്ങളും സമന്വയിക്കുന്ന ചേന്ദമംഗലം മാറ്റപ്പാടത്ത് നോവലിസ്റ്റ് സേതുവിന് ആദരമർപ്പിച്ച് സേതുപാദം ഒരുക്കി. പാലിയം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നേരത്തെയുള്ള കാണാക്കനി എന്ന ശില്പത്തോട് ചേർന്നാണ് സേതുപാദം നിർമ്മിച്ചത്. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും നാട്ടുകാർക്ക് ഇവിടെയിരുന്ന് ഗതകാലസ്മരണകൾ അയവിറക്കാം. സേതു എന്ന കഥാകാരനെ വായനയുടെ ലോകത്തേക്ക് നയിച്ചത് പാലിയം സ്കൂളും ഇതിനോട് ചേർന്നുള്ള നായർ സമാജം പബ്ളിക് ലൈബ്രറിയുമാണെന്ന് അദ്ദേഹംതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപകല്പനചെയ്ത പദ്ധതിയുടെ സമർപ്പണം ഡോ. സുനിൽ പി. ഇളയിടം നിർവഹിച്ചു.