
കൊച്ചി: വ്യവസായ, സംരംഭക നിക്ഷേപങ്ങൾക്ക് കേരളം അനുയോജ്യമെന്നതിൽ ആർക്കും തർക്കവും വിയോജിപ്പുമില്ല. നവീന സംരംഭങ്ങളാണ് അനിവാര്യം. കുടുംബ ബിസിനസിൽ പുതിയ തലമുറ കടന്നുവരണം. സ്വന്തമായി നിക്ഷേപം നടത്തി രാജ്യത്തിന് സംഭാവന ചെയ്യുന്ന വ്യവസായികൾക്ക് തിരിച്ചടി നേരിടേണ്ടിവന്നാൽ കുടുംബ സുരക്ഷയ്‌ക്ക് സർക്കാർ ശ്രദ്ധിക്കണം.
കേരളകൗമുദി കൊച്ചി യൂണിറ്റ് സംഘടിപ്പിച്ച ഇൻഡസ്‌ട്രിയൽ കോൺക്ളേവിൽ ഉയർന്ന അഭിപ്രായങ്ങൾ സംരംഭകരുടെ അനുഭവങ്ങളിൽ നിന്നായിരുന്നു. പ്രമുഖ ഫിനാൻഷ്യൽ ജേർണലിസ്റ്റ് സനൽ എബ്രഹാം മോഡറേറ്ററായ ചർച്ചയിൽ മുത്തൂറ്റ് ഫിനാൻസ് സി.ഇ.ഒ കെ.ആർ. ബിജുമോൻ, ശ്രീ ട്രാൻസ്‌വെയ്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ ശശിധരൻ എസ്. മേനോൻ, ബയോറൂട്ട് എക്സ്‌പ്ളറേഷൻ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ ഡോ. പാർവതി കോലടി, മെറ്റൽറൂഫ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷൈൻ പോൾ, പ്രൈം ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ജോസഫ് മാത്യു എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
കെ.ആർ. ബിജുമോൻ
ബിസിനസ് രംഗത്ത് പ്രശ്‌നങ്ങൾ സാധാരണമാണ്. അവയെ മറികടന്നാലേ അടുത്ത ഘട്ടത്തിലേയ്‌ക്ക് വളരാൻ കഴിയൂ. നമ്മുടെ കരുത്ത് തിരിച്ചറിയണം. തിരിച്ചറിവിന് കഴിഞ്ഞതാണ് മുത്തൂറ്റ് ഫിനാൻസിന്റെ വിജയം. ഒരുലക്ഷം കോടി രൂപയുടെ മൂലധനമുള്ള 60 ഇന്ത്യൻ കമ്പനികളിൽ ഒന്നാണ് മുത്തൂറ്റ്. സമയാസമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയാണ് മുന്നേറിയത്. സ്വർണപ്പണയം മാത്രമല്ല മുത്തൂറ്റിന്റെ സേവനം. രാജ്യത്തെ ആയിരക്കണക്കിന് പേർക്ക് മൂലധനമായത് മുത്തൂറ്റ് നൽകിയ സ്വർണപ്പണയ വായ്‌പയാണ്. 50 വർഷം മുമ്പ് വിദേശത്ത് പോകാൻ വിസയ്‌ക്കും ടിക്കറ്റിനും പണം കണ്ടെത്തിയത് സ്വർണം പണയം വച്ചാണ്. തമിഴ്നാട്ടിലുൾപ്പെടെ ചെറുകിട സംരംഭകർ മൂലധനം കണ്ടെത്തിയതും സ്വർണപ്പണയം വഴിയാണ്.
ഡോ. പാർവതി കോലടി
മികച്ച വ്യവസായാന്തരീക്ഷമുള്ള കേരളത്തിൽ സർക്കാർ കൂടുതൽ പിന്തുണ ഉറപ്പാക്കിയാൽ അതിവേഗ വളർച്ച നേടാനാകും. വ്യക്തമായ ബിസിനസ് കാഴ്ചപ്പാടും ശക്തമായ പിന്തുണയും സംരംഭങ്ങൾ വളർത്തും. ജനസംഖ്യയിലെ 65 ശതമാനവും യുവാക്കളാണ്. ആരോഗ്യപരിചരണ സംരംഭങ്ങൾക്ക് കേരളം അനുയോജ്യമാണ്. എന്നാൽ, ഗവേഷണവും വികസനവും കുറവാണ്. നാനോ, ബയോ ടെക്‌നോളജി പഠിച്ചവർക്ക് വിദേശത്ത് പോകാനാണ് താല്പര്യം. അവരുടെ നൈപുണ്യം പ്രയോജനപ്പെടുത്തിയാൽ ഉത്പന്നങ്ങൾ വികസിപ്പിക്കാനും വിപണനം ചെയ്യാനും കഴിയും.
ജോസഫ് മാത്യു
വ്യവസായങ്ങൾക്ക് സുരക്ഷിതമായ നാടാണ് കേരളം. പൂർണപിന്തുണ സർക്കാരിൽ നിന്ന് ലഭിക്കുന്നുണ്ട്. സരംഭം തുടങ്ങുന്നതിലും വിഷമമാണ് പൂട്ടുന്നത്. പ്രശ്‌നങ്ങളുണ്ടായാൽ സഹായിക്കാൻ മുഖ്യമന്ത്രി വരെയുണ്ട്. എന്തെങ്കിലുമുണ്ടെങ്കിൽ സർക്കാർ സംവിധാനങ്ങളിലൂടെ പരിഹരിക്കാൻ കഴിയും. ലോകം സ്വീകരിക്കുന്നതാണ് മലയാളികളുടെ പ്രാവീണ്യം. ബഹുമുഖ കഴിവുകൾ മുതലാക്കാൻ കഴിഞ്ഞാൽ ഏതു വ്യവസായവും കൊണ്ടുവരാൻ കഴിയും. വിവിധ രാജ്യങ്ങളിൽ ബിസിനസ് നടത്തുന്ന തനിക്ക് മലയാളി എന്നതിൽ അഭിമാനമുണ്ട്. 94 രാജ്യങ്ങൾ സന്ദർശിച്ചയാളെന്ന നിലയിൽ കേരളത്തിന്റെ മികവ് അഭിമാനം നൽകുന്നതാണ്.
ഷൈൻ പോൾ
സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം മാദ്ധ്യമങ്ങളുൾപ്പെടെ സ്വീകരിക്കുന്നത് സന്തോഷകരമാണ്. എല്ലാരംഗത്തും കൂടുതൽ പിന്തുണ ലഭിക്കുന്നുണ്ട്. ഉത്പന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കാൻ ചെറുവാഹനങ്ങൾ ആവശ്യമാണ്. ഉൾറോഡുകളിലും ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങൾ അനുവദിക്കണം. മൂന്നുവർഷം മുമ്പ് ഇൻസുലേഷൻ ഉപയോഗിക്കുന്ന റൂഫിംഗ് ഷീറ്റുകളാണ് വിപണിയിലിറക്കിയത്. കേരളത്തിൽ മുഴുവൻ വിതരണം ചെയ്യാൻ കഴിയുന്നു. ഷീറ്റുകൾ വാഹനത്തിൽ കെട്ടിവച്ച് ഉപഭോക്താക്കളിൽ എത്തിക്കുന്നതിന് സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
ശശിധരൻ എസ്. മേനോൻ
സംരംഭത്വത്തിലേയ്‌ക്ക് പുതുതലമുറ കൂടുതൽ കടന്നുവരാത്തത് കുറവാണ്. പുറത്തുപോയി എളുപ്പമുള്ള ജോലികൾ ചെയ്യാനാണ് താല്പര്യം. രക്ഷിതാക്കളുടെ ബിസിനസിലേയ്‌ക്ക് അവരും വരണം. പ്രോത്സാഹനവും ഇൻക്യൂബേഷനും നൽകിയാൽ അവരെയും ബിസിനസിൽ എത്തിക്കാൻ കഴിയും. വാണിജ്യ, വ്യാപര രംഗങ്ങളിൽ ഉണർവുണ്ടാക്കാൻ കഴിയും. അതിനുള്ള മനുഷ്യവിഭവശേഷിയും അന്തരീക്ഷവുമുണ്ട്. പണമല്ല, മനോധൈര്യമാണ് പുതുതലമുറയ്‌ക്ക് ആവശ്യം. ബിസിനസുകാരെ ആദരിക്കുന്ന അന്തരീക്ഷമുണ്ടാകണം.