photo
വൈപ്പിൻ ഗവ. കോളേജ്

വൈപ്പിൻ: വൈപ്പിൻ ഗവ. ആർട്സ് ആൻഡ് കോളേജ് വികസനത്തിനായി 2.36 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നു. 9,31,22,800 രൂപയ്ക്കാണ് സമീപവാസികളിൽനിന്ന് ഭൂമി ഏറ്റെടുക്കേണ്ടതെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ..എ. അറിയിച്ചു.
എളങ്കുന്നപ്പുഴ ഗവ. എൽ.പി സ്‌കൂളിൽനിന്ന് ലഭിച്ച 52 സെന്റ് സ്ഥലത്താണ് നിലവിൽ കോളേജ് സ്ഥിതിചെയ്യുന്നത്. ഏറെ ജനസാന്ദ്രതയേറിയ ദ്വീപായതിനാൽ കോളേജ് വികസനത്തിന് ഭൂമി ലഭ്യമായിരുന്നില്ല. കോളേജ് സ്ഥലത്തിനും പശ്ചാത്തലസൗകര്യ വികസനത്തിനുമായി കിഫ്ബി മുഖേന തുക അനുവദിച്ചിരുന്നെങ്കിലും ഭൂമി കിട്ടാത്തതിനെത്തുടർന്ന് നടപടികൾ നീണ്ടുപോയി.
എം.എൽ.എയുടെനേതൃത്വത്തിൽ നടത്തിയ ശ്രമഫലമായാണ് ഇപ്പോൾ ഭൂമി കണ്ടെത്തിയത്. ഇതിന് മന്ത്രിതലത്തിൽവരെ യോഗം കൂടിയിരുന്നു. ഇപ്പോഴാണ് ഭൂമി വിട്ടുനൽകാൻ പരിസരവാസികളായ ഭൂഉടമകൾ തയ്യാറായത്. എട്ട് പേരുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിന് സർക്കാർ അനുമതിയായതോടെയാണ് കോളേജ് വികസനത്തിന് അവസരമൊരുങ്ങിയത്.

നിലവിൽ മൂന്ന് ഡിഗ്രി ക്ലാസുകളാണ് കോളേജിലുള്ളത്. പുതിയ കെട്ടിടങ്ങൾ വരുന്നതോടെ കൂടുതൽ ബാച്ചുകളും പുതിയ കോഴ്‌സുകളും തുടങ്ങാനാകും.