കൊച്ചി: എറണാകുളം നഗരത്തിൽ ചിറ്റൂർറോഡിൽ വളഞ്ഞമ്പലം ക്ഷേത്രത്തിന് സമീപം വീട് കത്തിനശിച്ചു. ഇന്നലെ രാവിലെ 10നായിരുന്നു അപകടം. ബംഗളൂരു ഇടിഞ്ഞിഹള്ളി സ്വദേശി സുബ്രഹ്മണ്യ അയ്യരുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. അലൂമിനിയം ഫാബ്രിക്കേഷൻ കരാറുകാരനായ രാജു പിള്ളയും കുടുംബവുമാണ് വാടകയ്ക്ക് താമസം.
താമസക്കാർ പുറത്ത്പോയ സമയത്തായിരുന്നു തീപിടിത്തം. സമീപത്തെ വാഹന സർവീസ് സെന്റർ ജീവനക്കാരാണ് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട് അഗ്നിശമന സേനയെ അറിയിച്ചത്. ക്ലബ്റോഡിൽ നിന്ന് അഗ്നിശമന എത്തിയപ്പോഴേക്കും ആളിപ്പടർന്നിരുന്നു. വിവരമറിഞ്ഞ് താമസക്കാരനും സ്ഥലത്തെത്തി. ഇടറോഡായതിനാൽ വീടിന് മുന്നിൽ സേനയുടെ വാഹനം എത്താതിരുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
തീപിടിച്ച വീട്ടിനുള്ളിൽ രണ്ട് ഗ്യാസ് സിലിണ്ടറുകളുണ്ടെന്ന് വാടകക്കാരൻ പറഞ്ഞത് ആശങ്ക പരത്തി. അടുക്കള ഭാഗത്തു കൂടി സേനാംഗങ്ങൾ സാഹസികമായി സിലിണ്ടറുകൾ പുറത്തെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഫ്രിഡ്ജ്, അലമാര, വാഷിംഗ് മിഷ്യൻ, ടി.വി, സീലിംഗ് ഫാനുകൾ ഉൾപ്പടെ നശിച്ചു. വീട് പൂർണമായി കത്തിനശിച്ചു. ഏതാണ്ട് മുക്കാൽ മണിക്കൂർ ശ്രമിച്ചാണ് കെടുത്തിയത്. ഷോർട്ട്സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. ക്ലബ്റോഡ് അഗ്നിരക്ഷാ നിലയിത്തിലെ സ്റ്റേഷൻ ഓഫീസർ അഭിജിത്ത്, അസി. സ്റ്റേഷൻ ഓഫീസർ ഷാനവാസ്. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ പി.ബിനു, ഫയർ ആൻഡ് റെസ്ക്യു ഉദ്യോഗസ്ഥരായ ബിപിൻ ചന്ദ്ര, കെ.ഡി. സുനിൽകുമാർ, അഖിൽ, ഹോംഗാർഡ് കനകൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.