കണ്ടെത്തിയത് പുതിയ വകഭേദം

കൊച്ചി: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സയിലുള്ള ലക്ഷദ്വീപ് സ്വദേശിനി അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇടപ്പള്ളിയിൽ ജോലി ചെയ്തിരുന്ന യുവതി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. അമീബിക് മസ്തിഷ്‌കജ്വര രോഗികളിൽ സാധാരണയായി കാണുന്ന നെഗ്ലീരിയയിൽ നിന്ന് വ്യത്യസ്തമായി 'ഏക്യാന്തമീബ' എന്ന പുതിയ വകഭേദമാണ് യുവതിയിൽ കണ്ടെത്തിയത്. ഇത് ജില്ലയിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്.

മൂന്നാഴ്ച മുമ്പാണ് കഠിനമായ തലവേദന, ഛർദ്ദി, കണ്ണിന് ചലനവൈകല്യം എന്നിവയെത്തുടർന്ന് യുവതിയെ ആസ്റ്ററിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ തലച്ചോറിന്റെ ഇടതുവശത്ത് പഴുപ്പ് കണ്ടെത്തി. സെറിബ്രോസ്‌പൈനൽ ഫ്‌ളൂയിഡ് വിശകലനത്തിലാണ് അണുബാധ സ്ഥിരീകരിച്ചത്.

സാധാരണ റിപ്പോർട്ട് ചെയ്യപ്പെടുന്ന നെഗ്ലീരിയയോളം അപകടകാരിയല്ല ഏക്യാന്തമീബയെന്ന് ആസ്റ്റർ മെഡ്സിറ്റി ന്യൂറോളജി ആൻഡ് എപ്പിലെപ്സി മാനേജ്മെന്റ് സീനിയർ കൺസൾട്ടന്റ് ഡോ. സന്ദീപ് പത്മനാഭൻ പറഞ്ഞു.