കിഴക്കമ്പലം: ഗതാഗതക്കുരുക്ക് മാറ്റാൻ തുടങ്ങിയ വൺവേ സംവിധാനവും പൂക്കാട്ടുപടിയെ കുരുക്കുന്നു. എടത്തല പഞ്ചായത്തും പൊലീസും മുൻകൈയെടുത്താണ് വൺവേ സംവിധാനം ഏർപ്പെടുത്തിയത്. വൺവേ നിയമം പാലിക്കാൻ പലരും വിമുഖത കാണിക്കുന്നതാണ് കുരുക്ക് കൂടാൻ കാരണം. ഇതോടൊപ്പം ബൈപ്പാസ് റോഡുകളുടെ വീതിക്കുറവും തകർച്ചയിലായ റോഡും കുരുക്ക് വർദ്ധിപ്പിക്കുന്നു.
നാളുകളായി തകർന്നുകിടക്കുന്ന പുക്കാട്ടുപടി ബൈപ്പാസ് റോഡ് വഴിയുള്ള യാത്ര മഴയത്ത് കൂടുതൽ ദുരിതമായി. മുമ്പ് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബൈപ്പാസ് റോഡിലൂടെ വൺവേ സംവിധാനം നടപ്പാക്കിയിരുന്നു. അന്നത് ഏറെ ഗുണകരമായെങ്കിലും പിന്നീട് റോഡുകൾ തകർന്നതോടെ കുരുക്കേറി.
കിഴക്കമ്പലം ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ ആലുവയിലേക്കും എറണാകുളത്തേയ്ക്കും പോകുന്നതും ആലുവ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എറണാകുളം ഭാഗത്തേക്ക് പോകുന്നതും ബൈപ്പാസ് റോഡ് വഴിയാണ്. ഏറെ തിരക്കുള്ള ഈ റോഡിലൂടെ ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്.
ട്വന്റി 20 നേരത്തെ പുക്കാട്ടുപടി കിഴക്കമ്പലം റോഡ് സ്വകാര്യവ്യക്തികളിൽനിന്ന് സ്ഥലമേറ്റെടുത്ത് വായനശാല ജംഗ്ഷൻവരെ വീതി വർദ്ധിപ്പിച്ച് ബി.എം ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തിയതാണ്. എന്നാൽ ടൗൺവികസനത്തിനായി പ്രതിഷേധവുമായി പൂക്കാട്ടുപടിയിലെ വ്യാപാരികൾ എത്തിയതോടെ നിർമ്മാണം നിറുത്തിവച്ചു. തുടർന്നാണ് ബൈപ്പാസ് റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലായത്.
അനധികൃത പാർക്കിംഗും വില്ലൻ
1 സ്വകാര്യ ബസുകളടക്കം ബൈപ്പാസ് റോഡിലാണ് പാർക്ക് ചെയ്യുന്നത്
2 ഇത് രൂക്ഷമായ ഗതാഗതക്കുരുക്കിനാണ് ഇടയാക്കുന്നത്
3 ബസുകൾ ബൈപ്പാസ് ജംഗ്ഷനിൽ തോന്നുംപടി പാർക്ക് ചെയ്യുന്നു
4 വയർ റോപ്‌സ് ജംഗ്ഷന് സമീപം ബസുകൾ പാർക്ക് ചെയ്യാൻ നിർദ്ദേശമുണ്ടെങ്കിലും പാലിക്കപ്പെടാറില്ല
പുക്കാട്ടുപടി ജംഗ്ഷനിൽ അനുദിനം ഗതാഗതക്കുരുക്ക് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഗതാഗതം നിയന്ത്റിക്കുന്നതിനായി ട്രാഫിക് സംവിധാനം ഏർപ്പെടുത്തണം
സജീവൻ പുക്കാട്ടുപടി,
സാമൂഹ്യ പ്രവർത്തകൻ