കോതമംഗലം: ചേലാട് റോഡിലെ രാമല്ലൂരിൽ ബൈക്കും ഗുഡ്സ് ആപ്പേയും കൂട്ടിയിടിച്ച് പരിക്കേറ്റ് അബോധാവസ്ഥയിൽ റോഡിൽ കിടന്ന ബൈക്ക് യാത്രക്കാർക്ക് രക്ഷകരായത് രണ്ട്
സ്വകാര്യബസുകളിലെ ജീവനക്കാർ. ഞായറാഴ്ച സന്ധ്യയ്ക്കായിരുന്നു അപകടം. നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോയെങ്കിലും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ല. സ്ഥലത്തുണ്ടായിരുന്നവരാകട്ടെ പരിക്കേറ്റവരുടെ അടുത്തെത്താതെ അകന്നുനിൽക്കുകയായിരുന്നു. കോതമംഗലത്തുനിന്ന് വടാട്ടുപാറക്ക് പോകുകയായിരുന്ന സ്റ്റാർ ബസിലെ ജീവനക്കാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് തയ്യാറായത്. കോതമംഗലത്തേക്ക് വരികയായിരുന്ന പടിക്കാമറ്റം ബസിലെ ജീവനക്കാരും ഒപ്പംചേർന്നു. ഈ ബസിൽ പരിക്കേറ്റവരെ കയറ്റി കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചു.
പഴങ്ങര സ്വദേശി അനന്തുവും സുഹൃത്തായ കുറുപ്പംപടി സ്വദേശിയുമാണ് അപകടത്തിൽപ്പെട്ടത്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല.