കൊച്ചി: തൃപ്പൂണിത്തുറ എരൂരിലെ വൃദ്ധസദനത്തിൽ കിടപ്പുരോഗിയായ വൃദ്ധയെ ചവിട്ടിക്കൂട്ടിയ സംഭവത്തിൽ പ്രതിയായ നടത്തിപ്പുകാരിയുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാകും മൊഴിയെടുക്കുക. സ്ഥാപനത്തിന്റെ പ്രവർത്തനാനുമതിയടക്കമുള്ള രേഖകൾ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. ഇതിന് ശേഷമേ അറസ്റ്റിലേക്ക് കടക്കൂ.

മഞ്ഞുമ്മൽ കുടത്തറപ്പിള്ളി വീട്ടിൽ ശാന്തയ്ക്കാണ് (71) മർദ്ദനമേറ്റത്. വാരിയെല്ല് പൊട്ടി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ശാന്ത. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹിൽപാലസ് പൊലീസ് കേസെടുത്തത്. ശാന്തയുടെ മൊഴി രേഖപ്പെടുത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു.

മഞ്ഞുമ്മലിലെ തറവാട്ടുവീട്ടിലാണ് ശാന്ത താമസിച്ചിരുന്നത്. ഭർത്താവ് അയ്യപ്പൻ മരിച്ചതോടെ ഒറ്റയ്ക്കായ ശാന്ത സഹോദരിയുടെയും ഇവരുടെ മകളുടെയും സംരക്ഷണയിലായിരുന്നു. വീണ് പരിക്കേറ്റ ശാന്തയ്ക്ക് നല്ല പരിചരണം ഉറപ്പാക്കാനായാണ് കിടപ്പുരോഗികളെ പരിപാലിക്കുന്ന വൃദ്ധസദനത്തിലേക്ക് താത്കാലികമായി മാറ്റിയത്. മാസം 24,000 രൂപയായിരുന്നു ഫീസ്.