e

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡന്റ്/ചെയർപേഴ്സൺ സ്ഥാനത്തിരിക്കുന്ന എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് ഓണറേറിയത്തിന് പുറമേ ശമ്പളവും കൈപ്പറ്റാനാകില്ലെന്ന് ഹൈക്കോടതി.കോഴിക്കോട് നരിക്കുനി എ.എം.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസായിരുന്ന വി. ഖദീജയ്ക്ക് രണ്ട് പ്രതിഫലവും അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

2010 നവംബർ 8 മുതൽ 2012 നവംബർ 21 വരെ ഖദീജ മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സ്കൂളിൽ നിന്ന് അവധിയെടുത്താണ് ഈ ചുമതല വഹിച്ചത്.
എന്നാൽ പ്രസിഡന്റെന്ന നിലയിലുള്ള ഓണറേറിയത്തിനൊപ്പം അദ്ധ്യാപികയെന്ന നിലയിലുള്ള ശമ്പളവും അവകാശപ്പെട്ടു. ഇത് നിരസിച്ച സർക്കാർ, തദ്ദേശ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷ പദവി വഹിക്കുന്നവർക്ക് ശമ്പളം ലഭിക്കില്ലെന്ന് വ്യക്തമാക്കി 2008 മാർച്ച് 15 ന് ഉത്തരവുള്ളത് ചൂണ്ടിക്കാട്ടി. ഇതിനെ ചോദ്യം ചെയ്ത് ഖദീജ സമർപ്പിച്ച് ഹർജിയിൽ സിംഗിൾ ബെഞ്ച് അനുകൂല ഉത്തരവിട്ടു. ഇതിനെതിരായ സർക്കാർ അപ്പീൽ അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ പഉത്തരവ്.