കൊച്ചി: കേരളത്തിലെ ചെറുകിട വ്യവസായങ്ങൾക്കുള്ള ഉദ്യം രജിസ്ട്രേഷനിൽ 47.8 ശതമാനം സ്ത്രീ സംരംഭകരുള്ളപ്പോഴാണ് ഇവിടെ 'ആൺകുട്ടികളുടെ ഭരണം" വരുമെന്ന് ചിലർ ഇപ്പോഴും പറയുന്നതെന്ന് വ്യവസായമന്ത്രി പി. രാജീവ്. കേരളത്തിന്റെ വ്യവസായ വികസന സാദ്ധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന 'കേരളകൗമുദി ഇൻഡസ്ട്രിയൽ കോൺക്ളേവ്" പാലാരിവട്ടം ഹോട്ടൽ റിനൈയിൽ ഉദ്ഘാടനം ചെയ്യവേയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രസ്താവനയ്‌ക്ക് പി. രാജീവ് മറുപടി നൽകിയത്.
35-60 പ്രായത്തിലെ 32 ലക്ഷം സ്ത്രീകൾക്ക് ആയിരം രൂപ വീതം കൊടുക്കുന്ന സംസ്ഥാനമാണിത്. ഈ സർക്കാർ സ്ഥാനമേൽക്കുമ്പോൾ കേരളത്തിലുണ്ടായിരുന്ന 85,000 ഉദ്യം രജിസ്ട്രേഷനുകൾ ഇപ്പോൾ 16,80,000 എത്തിയെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്. പട്ടികജാതി, വർഗ വിഭാഗത്തിൽപ്പെട്ടവരും കൂടുതലായി സംരംഭകത്വത്തിലേക്ക് വരുന്നുണ്ട്.
ജോലിക്കും നല്ല ജീവിതത്തിനുമായി അന്യദേശങ്ങളിലേക്ക് കുടിയേറിയ മലയാളികളുടെ തിരിച്ചൊഴുക്കും ഇപ്പോൾ ദൃശ്യമാകുന്നുണ്ട്. കഴിഞ്ഞ ജൂലായ് 30 വരെയുള്ള ഏഴു മാസം മാത്രം 40,000 വിദേശമലയാളികൾ മടങ്ങിവന്നു. കേരളത്തിൽ ഉയർന്ന ശമ്പളമുള്ള തൊഴിലുകൾ സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. യുവതലമുറയെയും മടങ്ങിയെത്തുന്നവരെയും ഇവിടെ പിടിച്ചുനിറുത്താൻ ഇത് അനിവാര്യമാണ്.
വൻകിട വ്യവസായങ്ങൾക്ക് നൽകാൻ കേരളത്തിൽ ഭൂമിയില്ല. കുറഞ്ഞ സ്ഥലത്ത് കൂടുതൽ ശമ്പളമുള്ള, കൂടുതൽ ജോലി നൽകുന്ന വ്യവസായങ്ങളാണ് നല്ലത്. ലോകത്തെ ഏറ്റവും വലിയ ഒലിയോറെസിൻ കമ്പനിയും കൃത്രിമപല്ലുകൾ നിർമ്മിക്കുന്ന ഏറ്റവും വലിയ കമ്പനിയും എറണാകുളത്താണ്. ഇതുപോലെ എത്രയോ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. എന്നിട്ടും കേരളം വ്യവസായ സൗഹൃദമല്ലെന്ന് പറയുന്നവരിൽ മുന്നിൽ മലയാളികൾ തന്നെയാണെന്നും മന്ത്രി പറഞ്ഞു.
വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കുള്ള കേരളകൗമുദിയുടെ എക്സലൻസ് അവാർഡുകൾ മന്ത്രി വിതരണം ചെയ്തു. മികച്ച പ്രാദേശിക പത്രപ്രവർത്തകനുള്ള പത്രാധിപർ പുരസ്കാരം കേരളകൗമുദി പള്ളുരുത്തി ലേഖകൻ സി.എസ്. ഷിജുവിന് മന്ത്രി സമ്മാനിച്ചു.
ചടങ്ങിൽ കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി-തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ അദ്ധ്യക്ഷത വഹിച്ചു. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി വി.ഇ. അൻവർ എന്നിവർ സംസാരിച്ചു. കേരളകൗമുദി ബിസിനസ് എഡിറ്റർ സുനേഷ് ഭാസി സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിംഗ്) വി.കെ. സുഭാഷ് നന്ദിയും പറഞ്ഞു.