നെടുമ്പാശേരി: താമരപ്പൂകൃഷിക്ക് വാണിജ്യാടിസ്ഥാനത്തിൽ വിപുലമായ സാദ്ധ്യതകളുണ്ടെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ മധുരപ്പുറം, മള്ളശേരി, പറമ്പശേരി, മാഞ്ഞാലിത്തോട് പാടശേഖരത്തിൽ ആരംഭിച്ച താമരപ്പൂകൃഷി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അനന്തമായ സാദ്ധ്യതകളാണ് ഈ കൃഷി കർഷകർക്ക് നൽകുന്നത്. ക്ഷേത്രാവശ്യങ്ങൾക്ക് പുറമേ സൗന്ദര്യവർദ്ധക വസ്തുവായും ഭക്ഷ്യവസ്തുവായും താമരയുടെ പൂവുകളും തണ്ടും വിത്തുമെല്ലാം ഉപയോഗിക്കുന്നുണ്ട്.
താമരയുടെ വൈവിദ്ധ്യമാർന്ന ഉപയോഗങ്ങളെക്കുറിച്ച് കാർഷിക സർവകലാശാല നടത്തിയിട്ടുള്ള പഠനങ്ങൾ പുസ്തകരൂപത്തിൽ ലഭ്യമാണെന്നും കൃത്യമായ ആസൂത്രണംചെയ്ത് നടപ്പിലാക്കിയാൽ താമരപ്പൂക്കൃഷിയിൽനിന്ന് നല്ല വരുമാനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ അദ്ധ്യക്ഷനായി. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായി.
ജില്ലാ കൃഷി ഓഫീസർ സഞ്ജു സൂസൻ മാത്യു, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രതീഷ്, ശോഭ ഭരതൻ, എം.ജെ. ജോമി, ആന്റണി കയ്യാല, ബിജി സരേഷ്, ജെസി ജോർജ്, ആനി കുഞ്ഞുമോൻ, സി.ഒ. മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു.