കൊച്ചി: ജോലിക്കോ വിദ്യാഭ്യാസത്തിനോ വേണ്ടി കൊച്ചി നഗരത്തിലെത്തുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് സുരക്ഷിതമായും കുറഞ്ഞ ചെലവിലും താമസിക്കുന്നതിനുള്ള വനിതാ ഹോസ്റ്റൽ കൂടി പ്രവർത്തന സജ്ജമായതോടെ നഗരത്തിലെത്തുന്ന സ്ത്രീകളുടെ താമസം സംബന്ധിച്ച ആശങ്കകൾക്ക് ഒരുപരിധി വരെ പരിഹാരമായി. നഗരസഭയുടെ 68-ാം ഡിവിഷനിൽ കെ.കെ പത്മനാഭൻ റോഡിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
24 ഡബിൾ റൂമുകൾ, ഒരു സിംഗിൾ റൂം, നാല് ഡോർമെറ്ററികൾ എന്നിവയടക്കം 29 റൂമുകളാണ് ഹോസ്റ്റലിലുള്ളത്.
200 രൂപയ്ക്ക് ഡബിൾ റൂമുകളും, 100 രൂപയ്ക്ക് ഡോർമിറ്ററി ബെഡുകളും ലഭ്യമാകുന്ന രീതിയിൽ മിതമായ നിരക്കുകളാണ് റൂമുകൾക്ക്. നഗരസഭയുടെ പട്ടികജാതി വികസന ഫണ്ടിൽ നിന്നുള്ള തുക ചെലവഴിച്ചാണ് ഹോസ്റ്റൽ നിർമ്മിച്ചത്.
2015-20ലെ ഭരണസമിതിയുടെ കാലയളവിൽ നാല് കോടി രൂപ ചെലവഴിച്ച് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയിരുന്നു.
കെട്ടിടത്തിന്റെ വൈദ്യുതീകരണം, പ്ലംബിംഗ് പ്രവൃത്തികൾക്ക് ഒരു കോടി ഏഴു ലക്ഷം രൂപയും ഫർണിഷിംഗിന് ഒരു കോടി രൂപയുമടക്കം രണ്ടു കോടി ഏഴു ലക്ഷം രൂപയാണ് നിലവിലെ ഭരണസമിതിയുടെ കാലയളവിൽ ചെലവഴിച്ചത്.
കൊവിഡ് കാലയളവിൽ ഡോക്ടർമാരടക്കമുള്ള ആരോഗ്യ വിഭാഗം പ്രവർത്തകർക്ക് വേണ്ടി ഈ കെട്ടിടം വിട്ടു നൽകിയിരുന്നതിനാലും പിന്നീട് ഡിവിഷനിലെ ഹെൽത്ത് സർക്കിൾ ഓഫീസ് അവിടെ പ്രവർത്തിച്ചിരുന്നതിനാലുമാണ് നിർമ്മാണ പ്രവർത്തനം വൈകിയത്.
മുറികൾക്ക് പുറമേ ഒരു ഹാളും ലൈബ്രറിയും ഹോസ്റ്റലിൽ സജ്ജീകരിച്ചിട്ടുണ്ട്.
എസ്.സി, എസ്.ടി വനിതാ ഹോസ്റ്റൽ ഇന്നലെ മേയർ അഡ്വ. എം.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എറണാകുളം എം.എൽ.എ ടി.ജെ. വിനോദ് അദ്ധ്യക്ഷനും ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയുമായി.
ഡിവിഷൻ കൗൺസിലർ മിനി ദിലീപ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വത്സലകുമാരി, കൗൺസിലർമാർ, മുൻ കൗൺസിലർ ദീപക് ജോയ് എന്നിവർ സംബന്ധിച്ചു.
ആകെ ചെലവ് 6.07 കോടി രൂപ
24 ഡബിൾ റൂമുകൾ
ഒരു സിംഗിൾ റൂം
4ഡോർമെറ്ററികൾ
ആകെ 29 റൂമുകൾ
ഡബിൾ റൂമിന് 200 രൂപ
ഡോർമെറ്ററി 100 രൂപ