rajeev

നെടുമ്പാശേരി: വ്യവസായ ചട്ട ഭേദഗതിയിലൂടെ കേരളത്തിലെ എല്ലാ വീടുകളിലും തൊഴിലെത്തിക്കാനാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇതോടെ താമസമുള്ള വീടിന്റെ 50 ശതമാനവും ഒഴിഞ്ഞുകിടക്കുന്ന വീടുകളിൽ 100 ശതമാനവും സംരംഭം തുടങ്ങാനാകും

150 കോടി രൂപ ചെലവിൽ അവിഗ്‌ന ഗ്രൂപ്പ് പാറക്കടവിലെ പുളിയനത്ത് സ്ഥാപിച്ച ലോജിസ്റ്റിക് പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ വീടുകളിലും തൊഴിൽ എത്തിക്കുന്നതിന്റെ പൈലറ്റ് സംരംഭം വിജയകരമാണ്. ഓരോ മേഖലകളിലെയും കഴിവ് തിരിച്ചറിഞ്ഞ് സർക്കാർ സഹായിക്കും. വ്യവസായ രംഗത്ത് കേരളം വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നത്. പൂർണമായ വ്യവസായ സൗഹൃദ പാർക്കായി കേരളം മാറി.

21.35 ഏക്കറിൽ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് പാർക്ക് ഒരുക്കിയിട്ടുള്ളതെന്ന് അവിഗ്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ്. രാജശേഖരൻ പറഞ്ഞു. ബെന്നി ബെഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ് തുടങ്ങിയവർ പങ്കെടുത്തു.