sakthikumar
ശക്തികുമാർ

കൊച്ചി: ശക്തികുളങ്ങര തുറമുഖത്ത് നിന്ന് പോയ മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട് ആലപ്പുഴ തീരത്ത് കാണാതായ മത്സ്യത്തൊഴിലാളിയെക്കുറിച്ച് ഒരാഴ്ചയായിട്ടും വിവരമില്ല. എറണാകുളം കുഴുപ്പിള്ളി അയ്യമ്പിള്ളി ചെറുവൈപ്പ് കാരകായിത്തറ വീട്ടിൽ ശക്തികുമാറിനെ (55)യാണ് തോട്ടപ്പള്ളിയിൽ നിന്ന് 32 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിൽ 28ന് കാണാതായത്.

വൈപ്പിൻ കാളമുക്കിൽ നിന്ന് ബോട്ടിൽ വലപ്പണിക്ക് പോകാറുള്ള ശക്തികുമാർ 28ന് പുലർച്ചെ ശക്തികുളങ്ങര തുറമുഖത്ത് നിന്ന് മറ്റ് ഒമ്പത് തൊഴിലാളികൾക്കൊപ്പമാണ് മഹത്വം എന്ന ബോട്ടിൽ മത്സ്യബന്ധനത്തിന് പോയത്. തീരത്ത് നിന്ന് തെക്ക് പടിഞ്ഞാറ് മാറി ഉച്ചയ്ക്ക് ഒന്നരയോടെ ഉണ്ടായ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ടാണ് ബോട്ട് മുങ്ങിയത്. രണ്ട് ലൈഫ് ജാക്കറ്റുകൾ മാത്രമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. വയർലെസ് സെറ്റ് പ്രവർത്തനരഹിതമാകുന്നതിന് തൊട്ട് മുൻപ് നൽകിയ അപായസന്ദേശത്തെ തു‌ടർന്ന് സ്ഥലത്തെത്തിയ മറ്റ് ബോട്ടിലെ തൊഴിലാളികൾ അപകടസ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ അകലെ നിന്നാണ് ഒഴുകിനടന്ന ഒമ്പത് തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. ബോട്ട് പൂർണമായി മുങ്ങി.

അപകടത്തിൽപ്പെട്ട ബോട്ടിന്റെ കയറിൽ പിടിച്ചു കിടക്കുന്ന നിലയിലാണ് ഏറ്റവുമൊടുവിൽ ശക്തികുമാറിനെ കണ്ടത്. അപകടവിവരമറിഞ്ഞ് കോസ്റ്റ്ഗാർ‌ഡ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേസെടുത്ത ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ്, ശക്തികുമാറിനെ കുറിച്ച് വിവരം കിട്ടിയാൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ തെരച്ചിൽ നോട്ടീസ് പുറത്തിറക്കി. ഭാര്യ സുനി ഹരിതകർമ്മ സേനാംഗമാണ്. രണ്ട് മക്കളുണ്ട്.