കോലഞ്ചേരി: മുഴുവൻ സീറ്റിലും വനിതാ സ്ഥാനാർത്ഥികളെ നിറുത്തി പൂതൃക്ക പഞ്ചായത്ത് ഭരണം പിടിക്കാൻ ട്വന്റി 20യുടെ പടയൊരുക്കം. പൂതൃക്കയിലെ ട്വന്റി 20യുടെ കന്നി മത്സരത്തിലാണ് നൂറ് ശതമാനവും വനിതാസംവരണം ഉറപ്പാക്കിയത്. പഞ്ചായത്തിലെ 16 വാർഡുകളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ രണ്ട് സ്ഥാനാർത്ഥികളും വനിതകളാണ്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു പാർട്ടി തദ്ദേശ തിരഞ്ഞെടുപ്പിൽ നൂറുശതമാനവും സീറ്റുകൾ വനിതകൾക്കായി മാറ്റിവയ്ക്കുന്നത്. രാഷ്ട്രീയ പ്രവർത്തനമെന്നത് ജനസേവനമാണെന്നും ഏറ്റവും കൂടുതൽ ക്ഷമയും സഹനവും ആവശ്യമായ മേഖല ആയതുകൊണ്ടുതന്നെ വനിതകൾക്ക് ഭംഗിയായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ സാധിക്കുമെന്നും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് പാർട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു.
ജിൻസി സൂരജ് (1), ലത രാജു (2), പി.കെ. രമണി (3), അശ്വനി വിജയൻ (4), മിനി ഷൈജൻ (5), ലിസി എബ്രഹാം (6), ഷിഞ്ചുമോൾ പി. മാത്യു (7), പൂജ ജോമോൻ (8), എലീസ മാത്യു (9), അഞ്ജു സുരേഷ് (10), മഞ്ജു ജോർജ് (11), നീതു ബിനീഷ് (12), ഷാന്റി ഷിബു (13), ടി.വി. രഞ്ജിനി (14), ജിനു റെജി (15), വീണ മാത്യു (16) എന്നിവരാണ് പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് കോലഞ്ചേരി ഡിവിഷനിൽ ദീനാമ്മ ജേക്കബും പൂതൃക്ക ഡിവിഷനിൽ ഷൈനി ജെയിംസും മത്സരിക്കും.