ആലുവ: 2.6 കോടിരൂപ ചെലവിൽ മുപ്പത്തടം ഗവ. ഹൈസ്കൂളിനായി നിർമ്മിച്ച ഹൈടെക് മന്ദിരം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്കൂളിനെ മികവിന്റെ കേന്ദ്രമായി ഉയർത്താനുള്ള മന്ത്രി പി. രാജീവിന്റെ പദ്ധതി അനുസരിച്ച് നിർമ്മാണം പൂർത്തിയാക്കിയ ആധുനിക സൗകര്യങ്ങളുള്ള കെട്ടിടമാണിത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. യേശുദാസ് പറപ്പള്ളി, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, എഫ്.എ.സി.ടി ടെക്നിക്കൽ ഡയറക്ടർ ഡോ. കെ. ജയചന്ദ്രൻ, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ഗ്രാമപഞ്ചായത്ത് അംഗം കെ.എൻ. രാജീവ്, ഹെഡ്മിസ്ട്രസ് ഡോ. ദീപ വി. നായർ, പ്രിൻസിപ്പൽ പി.എസ്. ലിജ തുടങ്ങിയവർ സംസാരിച്ചു.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ആധുനീകരിക്കുന്നതിന് കളമശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന 30കോടിയുടെ പദ്ധതി സ്കൂളുകളുടെ മുഖച്ഛായ മാറ്റിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെയും പൊതുമേഖലാസ്ഥാപനമായ എഫ്.എ.സി.ടി സി.എസ്.ആർ ഫണ്ടും ഉപയോഗിച്ചാണ് മന്ദിരം നിർമ്മിച്ചത്. നേരത്തെ എൽ പി വിഭാഗം പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയായിരുന്നു നിർമ്മാണം. 12 ക്ലാസ് മുറികളാണ് മൂന്നുനില കെട്ടിടത്തിലുള്ളത്.