
ആലുവ: ഏഴു കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാനക്കാർ പിടിയിലായി. ബംഗാൾ മുർഷിദാബാദ് സ്വദേശി മലയ്ക്കുൽ ഷേയ്ക്ക് (23), ജലാംഗി സ്വദേശി മുകലേശ്വർ റഹ്മാൻ (24) എന്നിവരെ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലുവ പൊലീസും ചേർന്നാണ് പിടികൂടിയത്. ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ബാഗിലെ പ്രത്യേക അറയിൽ പായ്ക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ബംഗാളിൽ നിന്ന് കിലോ 3,000 രൂപയ്ക്ക് വാങ്ങി ഇവിടെ 25,000 രൂപയ്ക്ക് വില്പന നടത്തി തിരിച്ചു പോകാനായിരുന്നു പദ്ധതി. പെരുമ്പാവൂർ ഭാഗത്തേക്കാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇവർ സ്ഥിരം കടത്തുകാരാണെന്ന് സൂചനയുണ്ട്. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. നാർക്കോട്ടിക് സെൽ ഡിവൈ.എസി.പി ജെ. ഉമേഷ് കുമാർ, ആലുവ ഇൻസ്പെക്ടർ ജി.പി. മനുരാജ്, എസ്.ഐ കെ. നന്ദകുമാർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.