
അഞ്ച് വയസുകാരനും അമ്മയും മുത്തശിയുമുൾപ്പെടെ വീടിനകത്ത് ആശങ്കയോടെ
കൊച്ചി: അർദ്ധരാത്രി വീട്ടുമുറ്റത്ത് കിടന്ന ഓട്ടോയ്ക്ക് തീപിടിച്ച് പുറത്തിറങ്ങാനാകാതെ വീട്ടിനകത്ത് കുടുങ്ങിയ അഞ്ചംഗ കുടുംബത്തിന് രക്ഷകരായി അഗ്നിശമനസേന. അഞ്ചു വയസുള്ള കുട്ടിയും അമ്മയും മുത്തശിയും ഉൾപ്പെട്ട കുടുംബമാണ് ശക്തമായ തീയിലും പുകയിലും വീടിനകത്ത് കുടുങ്ങിയത്.
തിങ്കളാഴ്ച അർദ്ധരാത്രി വൈറ്റില പാരഡൈസ് റോഡ് അബാദ്ഹാർമണി ഫ്ലാറ്റിന് സമീപം കൈതവളപ്പിൽ വീട്ടിലായിരുന്നു സംഭവം. വീട്ടുടമസ്ഥ ശ്യാമളയുടെ മകൻ ജെയിൻരാജിന്റെ ഓട്ടോയാണ് രാത്രി വീടിന്റെ അടുക്കളയോട് ചേർന്ന് നിർത്തിയത്. നാല് സെന്റ് സ്ഥലത്ത് വീടിനോട് തൊട്ടു ചേർന്നായിരുന്നു ഓട്ടോ. അർദ്ധരാത്രി ഒന്നോടെ ശക്തമായ ചൂടും പ്രകാശവും അനുഭവപ്പെട്ട് ഉറക്കമെഴുന്നേറ്റ ശ്യാമളയാണ് ഓട്ടോ കത്തുന്നത് കണ്ടത്. ഈ സമയം ജെയിൻരാജും സഹോദരി രേഷ്മയും രേഷ്മയുടെ അഞ്ചു വയസുകാരനായ മകനുമാണ് വീട്ടിലുണ്ടായിരുന്നത്.
ഓട്ടോയിൽ സി.എൻ.ജി ഗ്യാസും പെട്രോളും ഉള്ളതിനാൽ പൊട്ടിത്തെറിക്ക് സാദ്ധ്യത കണക്കിലെടുത്ത് ആരും പുറത്തിറങ്ങിയില്ല. ഇതോടൊപ്പം ശക്തമായ പുക ഉയർന്നതും പുറത്തിറങ്ങാൻ തടസമായി. അപ്പോഴേക്കും ഓട്ടോയുടെ പകുതിയോളം കത്തിയിരുന്നു.
ഇതോടെ രേഷ്മ പേട്ടയിലെ സ്വകാര്യസ്ഥാപനത്തിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ഭർത്താവ് റെജിനെ ഫോണിൽ വിളിച്ചു. സിവിൽ ഡിഫൻസ് അംഗമായ റെജിൻ ഗാന്ധിനഗർ അഗ്നിരക്ഷാനിലയവുമായി ബന്ധപ്പെട്ട ശേഷം ഉടൻ വീട്ടിലേക്ക് പുറപ്പെട്ടു. വൈറ്റില ജംഗ്ഷനിൽ ഉണ്ടായിരുന്ന പൊലീസ് സംഘത്തെയും അറിയിച്ചു. ഇതോടെ ഫയർഫോഴ്സ് യൂണിറ്റിന് വഴിയൊരുക്കി പൊലീസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സ്ഥലത്തെത്തിയ അഗ്നിശമന സേന അരമണിക്കൂറിലേറെ ശ്രമിച്ചാണ് തീ കെടുത്തിയത്. തുടർന്ന് കുടുംബാംഗങ്ങൾ സുരക്ഷിതരായി പുറത്തിറങ്ങി. മൂന്ന് വർഷം മാത്രം പഴക്കമുള്ള ഓട്ടോ പൂർണമായി നശിച്ചു. അപകട കാരണം വ്യക്തമല്ല.