
ആലുവ: റെയിൽവേ സ്റ്റേഷനിൽ യുവാവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മോതിരവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ പിടിയിലായ പ്രതികളിൽ ഒരാൾ പൊലീസ് സ്റ്റേഷനിലെ അലമാരയുടെ ചില്ല് തകർത്തു. തൃശൂർ വടക്കഞ്ചേരി വാരടത്തിൽ അനുരാഗ് (25) ആണ് സ്റ്റേഷനിൽ അക്രമാസക്തനായത്.
ഞായറാഴ്ച്ച അർദ്ധരാത്രിയോടെയാണ് സംഭവം. മോഷണക്കേസിൽ അനുരാഗിനൊപ്പം കൊല്ലം കാരിക്കോട് പുത്തൻവീട്ടിൽ മുഹമ്മദ് സാജുദീൻ (33), ഗുരുവായൂർ ഒരു മനയൂർ വലിയ വീട്ടിൽ പ്രവീൺ (34) എന്നിവരും ആലുവ പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നെങ്കിലും ഇവർ ശാന്തരായിരുന്നു. മൂവരെയും ആലുവ കോടതി റിമാൻഡ് ചെയ്തു. അനുരാഗിനെതിരെ പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു.
പാലക്കാട് നിന്ന് ട്രെയിൻ മാർഗം വന്ന സുഹൃത്തിനെ കൂട്ടികൊണ്ടുപോകാൻ വന്ന ചെറായി സ്വദേശി അഖിലിനെ ഞായറാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് എസ്.എൻ.ഡി.പി സ്കൂളിന് സമീപത്തെ പാർക്കിംഗ് ഏരിയയിൽ വച്ച് അക്രമികൾ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണ മോതിരവും മൊബൈൽ ഫോണും കവർന്നത്. സി.സി ടി.വി കാമറകളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് മണിക്കൂറുകൾക്കകം ആലുവ നവരത്ന ബാറിൽ നിന്നും ഇവരെ പിടികൂടി. ഇൻസ്പെക്ടർ ജി.പി. മനുരാജ്, എസ്.ഐമാരായ നന്ദകുമാർ, ജി. ചിത്തു, എൽദോ പോൾ, ബിൻസി, എ.എസ്.ഐ നൗഷാദ്, സി.പി.ഒമാരായ മാഹിൻ ഷ, മുഹമ്മദ് അമീർ, പ്രജീഷ്, ഷിഹാബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.