നെടുമ്പാശേരി: മദ്യലഹരിയിൽ യൂബർ ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് പരിക്കേറ്റതിനെ തുടർന്ന് ഒരാൾ പൊലീസ് പിടിയിൽ. മൂവാറ്റപുഴ ആയവന എറനല്ലൂർ ഊട്ടുകുളത്ത് വീട്ടിൽ ബാദുഷ (24) ആണ് നെടുമ്പാശേരി പൊലീസിന്റെ പിടിയിലായത്. നിലമ്പൂർ കരുവാരക്കുണ്ട് ചക്കിങ്ങൽതൊടികയിൽ മുഹമ്മദ് ഷെമീർ (35), പെരിന്തൽമണ്ണ നെൻമിനി പൂന്താവനം പനവണ്ണ വാര്യയം വീട്ടിൽ രാഗേഷ് വാര്യർ (43) എന്നിവരെയാണ് പ്രതി ആക്രമിച്ചത്. ഇന്നലെ പുലർച്ചെ 12.30ഓടെ കരിയാടിലെ വാടകവീട്ടിലാണ് സംഭവം. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ പണം കടം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ബാദുഷയും ജേക്കബ് എന്നയാളും തമ്മിൽ തർക്കമുണ്ടാക്കി. വിഷയത്തിൽ ഇടപ്പെട്ടപ്പോൾ പ്രകോപിതനായ ബാദുഷ കാറിന്റെ വീൽ സ്പാനർ ഉപയോഗിച്ച് ഇരുവരുടെയും തലയ്ക്കടിക്കുകയായിരുന്നു. ബിയർ കുപ്പി ജനലിലൂടെ എറിഞ്ഞതായും പറയുന്നു. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.