കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാവിക സേനയുടെ അത്യാധുനിക പര്യവേഷണ കപ്പൽ (സർവേ വെസൽ) 'എസ്.വി.എൽ ഇക്ഷക്" കൊച്ചി നേവൽബസിൽ 6ന് കമ്മിഷൻ ചെയ്യും. ഉച്ചകഴിഞ്ഞ് 3ന് നോർത്ത് ജെട്ടിയിൽ നടക്കുന്ന നീറ്റിലിറക്കൽ ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി മുഖ്യാതിഥിയായി പങ്കെടുക്കും.
വനിതാ നാവിക സേനാംഗങ്ങൾക്കും തങ്ങാൻ സൗകര്യമുള്ള ഇക്ഷക് കടലിന്റെ അടിത്തട്ട് മാപ്പ് ചെയ്യാനും സമുദ്രോപരിതലം ചാർട്ട് ചെയ്യാനും ഉൾപ്പെടെ ഹൈഡ്രോഗ്രാഫിക് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. അവശ്യഘട്ടങ്ങളിൽ രക്ഷാപ്രവർത്തനവും ദുരന്തനിവാരണവും നടത്താനും ആശുപത്രി സേവനങ്ങൾ നൽകാനും സാധിക്കും. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സിൽ നിർമ്മാണം പൂർത്തിയായ കപ്പൽ കൊച്ചിയിൽ ദക്ഷിണനാവിക സേനയുടെ കമാൻഡിലാണ് പ്രവർത്തിക്കുക.