കൊച്ചി: മാലിന്യം മുതൽ സ്വർണം വരെ എന്തിലും അഴിമതി സാദ്ധ്യത കണ്ടെത്താൻ മത്സരിക്കുകയാണ് പിണറായി സർക്കാരെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ബി.ജെ.പി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സുസ്ഥിര വികസന യാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി. എം സ്‌പോൺസർമാർ നാട് മുടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുള്ളത്. മെസിയെ കൊണ്ടുവരുമെന്ന് പറഞ്ഞ് ഒരു സ്‌പോൺസർ കൊച്ചി സ്റ്റേഡിയത്തിലെ മരങ്ങൾ മുറിക്കുമ്പോൾ മറ്റൊരു സ്‌പോൺസർ ശബരിമലയിലെ സ്വർണം കക്കുന്നു.
ഏറ്റവുമൊടുവിലെ തട്ടിപ്പാണ് അതിദരിദ്രർ ഇല്ലാത്ത കേരളമെന്ന പേരിൽ നടക്കുന്ന പ്രചാരണമെന്നും വി. മുരളീധരൻ പറഞ്ഞു. അവകാശപ്പോരാട്ടങ്ങൾക്കും അടിസ്ഥാനവികസനത്തിനും പ്രാധാന്യം നൽകി ഭാരതീയ ജനതാ പാർട്ടി മുന്നോട്ടുപോകുമ്പോൾ വോട്ടിന് വേണ്ടി വിഭജന സമീപനമാണ് ഇന്ത്യ സഖ്യം കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജാഥാ ക്യാപ്റ്റൻമാരായ ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. സജി, പ്രിയ പ്രശാന്ത് , സംസ്ഥാന നേതാക്കളായ വി. ഉണ്ണികൃഷ്ണൻ, കെ.വി.എസ്. ഹരിദാസ്, ടി.പി. സിന്ധുമോൾ, പി.ആർ. ശിവശങ്കരൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ, സി. നന്ദകുമാർ പ്രസംഗിച്ചു.