കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരിയെ കടന്നുപിടിച്ച കുറ്റവാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ കുഴിവട്ടുക്കടവ് പഞ്ചയിൽ വീട്ടിൽ സന്തോഷിനെയാണ് (56) ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകളോട് മോശമായി പെരുമാറിയ കേസുകളിൽ പ്രതിയാണിയാൾ.

കൊടുങ്ങല്ലൂരിൽ നിന്ന് വൈറ്റിലയിലേക്ക് പോയ ബസിൽ ഇന്നലെ രാവിലെ 8.10നായിരുന്നു സംഭവം. ബസ് ചേരാനല്ലൂർ സിഗ്നൽ സമീപിക്കാറായപ്പോഴാണ് മദ്ധ്യഭാഗത്ത് നിന്നിരുന്ന യാത്രക്കാരിയുടെ ദേഹത്ത് മോശമായി സ്പർശിച്ചത്. സഹയാത്രക്കാർ ചേർന്ന് പിടികൂടിയ ഇയാളെ ബസ് ഇടപ്പള്ളിയിലെത്തിയപ്പോൾ ട്രാഫിക് പൊലീസിന് കൈമാറി. തുടർന്ന് ചേരാനല്ലൂർ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.