
കൊച്ചി: ആഴ്‌ചയിൽ 15 മണിക്കൂറിൽ താഴെ പഠിപ്പിക്കുന്ന ഹയർ സെക്കൻഡറി അദ്ധ്യാപകരെ തരംതാഴ്‌ത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. മറ്റു സ്‌കൂളുകളിലേക്ക് മാറ്റിയ ബാച്ചുകളിൽ അധിക തസ്‌തിക സൃഷ്‌ടിക്കുന്നത് ഒഴിവാക്കാനും,. നിലവിലെ മുക്കാൽ മണിക്കൂർ പീരിയഡ് ഒരു മണിക്കൂറായി വർദ്ധിപ്പിക്കാനുമുള്ള സാദ്ധ്യതയും പരിഗണിക്കുന്നു.
അദ്ധ്യാപക തസ്തിക നിർണയവുമായി ബന്ധപ്പെട്ട് ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ച അക്കാഡമിക് ജോയിന്റ് ഡയറക്ടറുടെ സർക്കുലറിലാണ് വിവാദ നിർദ്ദേശങ്ങൾ.
ഹയർ സെക്കൻഡറിയിൽ പിരീയഡുകൾ ഒരു മണിക്കൂറാക്കുന്നത് സംബന്ധിച്ച അഭിപ്രായമാണ് ഒക്‌ടോബർ 24ലെ സർക്കുലറിൽ പ്രധാനമായും ചോദിക്കുന്നത്. സീനിയർ അദ്ധ്യാപകനാകാൻ ആഴ്ചയിൽ 15 മണിക്കൂർ പഠിപ്പിക്കൽ നിർബന്ധമാക്കി സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്യാനും നിർദ്ദേശമുണ്ട്. 15 മണിക്കൂറില്ലാത്തവരെ തരംതാഴ്‌ത്തി മറ്റു സ്കൂളുകളിൽ പുനർവിന്യസിക്കാനുള്ള സാദ്ധ്യതയും ആരായുന്നു.2018 മുതൽ മറ്റു സ്‌കൂളുകളിലേക്ക് മാറ്റിയ ബാച്ചുകളിൽ അദ്ധ്യാപക തസ്തിക സൃഷ്ടിക്കാതെ പുനർവിന്യാസം നടത്തുന്നതിൽ നിർദ്ദേശം സമർപ്പിക്കാനും ഡപ്യൂട്ടി ഡയറക്‌ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കുലറിൽ
അബദ്ധവും
ഹയർ സെക്കൻഡറിയിൽ ആഴ്ചയിൽ ആറു ദിവസത്തെ അദ്ധ്യയനമുണ്ടെന്ന് സർക്കുലറിൽ പറയുന്നു. അഞ്ച് പ്രവൃത്തി ദിനമാണുള്ളത്. നാല് പ്രധാന വിഷയങ്ങളും രണ്ട് ഭാഷകളും ഉൾപ്പെടെ ആറ് വിഷയങ്ങൾക്കായി പിരീയഡുകൾ വിഭജിക്കുമ്പോൾ ഒരു മണിക്കൂർ അപ്രായോഗികമാണ്. സർക്കുലറിനെ ശക്തമായി എതിർക്കാനാണ് അദ്ധ്യാപക സംഘടനകളുടെ തീരുമാനം.
വിയോജിപ്പ്
• എല്ലാ വിഷയങ്ങൾക്കും എന്നും പിരീയഡെന്ന ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട ടൈംടേബിൾ വിദഗ്ദ്ധ പഠനവും ചർച്ചകളുമില്ലാതെ മാറ്റുന്നത് ഉചിതമല്ല
• 15 പിരീയഡിൽ കുറവുള്ളവരെ തരംതാഴ്‌ത്താനുള്ള നീക്കം നിരവധി അദ്ധ്യാപക തസ്തികകൾ നഷ്ടപ്പെടുന്നതിനും പിരിച്ചുവിടലിനും കാരണമാകും.
• നിലവിലെ വിഷയ കോമ്പിനേഷനുകളിൽ ഉപരിപ്ലവമായ മാറ്റം വരുത്തുന്നത് തിരിച്ചടിയാകും
'വിദ്യാർത്ഥികളിൽ അമിതഭാരം കെട്ടിവയ്‌ക്കാനും അദ്ധ്യാപന മേഖലയിൽ തസ്തിക നഷ്ടം വരുത്താനുമുള്ള നീക്കം അവസാനിപ്പിക്കണം".
അനിൽ എം. ജോർജ്
ജനറൽ സെക്രട്ടറി
ഹയർ സെക്കൻഡറി സ്‌കൂൾ
ടീച്ചേഴ്‌സ് അസോ.